സുഡാനിൽ മാനുഷിക പ്രതിസന്ധി രൂക്ഷം: അന്താരാഷ്ട്ര സഹായം തേടി റെഡ് ക്രോസ്

സുഡാനിലെ മാനുഷിക പ്രതിസന്ധി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര സഹായം അഭ്യർഥിച്ച് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് (IFRC). ഫണ്ടിന്റെ കുറവ് മൂടിവെക്കാനാവാത്ത പ്രതിസന്ധിയാണ് സുഡാനിൽ സൃഷ്ടിച്ചിരിക്കുന്നതെന്ന് ഐ.എഫ്.ആർ.സി പ്രത്യേക ദൂതൻ ഡെർക്ക് സെഗാർ വ്യക്തമാക്കി.

2023 ഏപ്രിലിൽ സുഡാൻ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) തമ്മിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ 59,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ യഥാർഥ മരണസംഖ്യ ഇതിലും എത്രയോ അധികമാണെന്ന് ജീവകാരുണ്യ സംഘടനകൾ അറിയിക്കുന്നു.

സുഡാനിൽ 3.5 കോടി ജനങ്ങൾക്ക് മാനുഷിക സഹായം ആവശ്യമാണെന്നും, ഒൻപത് ദശലക്ഷത്തിലധികം ആളുകൾ ആഭ്യന്തരമായി നാടുകടത്തപ്പെട്ടതായും സെഗാർ വ്യക്തമാക്കി. അതേസമയം, 4.5 ദശലക്ഷത്തോളം ആളുകൾ രാജ്യം വിട്ടുപോകാൻ നിർബന്ധിതരായി. തലസ്ഥാനമായ ഖാർത്തൂം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ യുദ്ധത്തിൽ തകർന്നു. ശുദ്ധജലം, വൈദ്യുതി, ആരോഗ്യ സേവനങ്ങൾ എന്നിവ ലഭ്യമല്ലാത്തതോടൊപ്പം കോളറ, പോഷകാഹാരക്കുറവ്, വെള്ളപ്പൊക്കം തുടങ്ങിയ ഭീഷണികളും ജനങ്ങൾ നേരിടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.