സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കൽ ധന്യപദവിയിൽ

വ്രതവാഗ്ദാനത്തിനു ശേഷം 35 ദിവസം മാത്രം ജീവിച്ച് 26-ാം വയസിൽ നിത്യസമ്മാനത്തിനായി യാത്രയായ ദൈവദാസി സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കൽ ധന്യപദവിയിൽ. ഓഗസ്റ്റ് അഞ്ചിന് ആണ് വത്തിക്കാൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അധ്യാപക ജോലി ഉപേക്ഷിച്ചാണ് 1954 ജൂൺ 24 ന് സെലിൻ ഉർസുലൈൻ സഭയിൽ ചേർന്നത്. ക്രൂശിതനായ യേശുവിനോടുള്ള പ്രത്യേക ഭക്തിയാണ് സെലിനെ മഠത്തിൽ ചേരാൻ പ്രേരിപ്പിച്ചത്. വെറും മൂന്നു വർഷം മാത്രമാണ് സന്യാസ സഭയിൽ അംഗമായിരിക്കാൻ സിസ്റ്ററിന് കഴിഞ്ഞത്.

തൃശൂർ രൂപതയിലെ കുണ്ടന്നൂർ ഇടവകയിൽ കണ്ണനായ്ക്കൽ ഫ്രാൻസിസ്-ഫിലോമിന ദമ്പതികളുടെ മകളായി 1931 ഫെബ്രുവരി 13 ന് സിസ്റ്റർ സെലിന്റെ ജനനം. ഭക്തിഗാനങ്ങൾ എഴുതുകയും പാടുകയും ചെയ്യുന്നത് ഹോബിയായിരുന്നു. കുണ്ടന്നൂർ ദൈവാലയത്തിലെ ഗായകസംഘത്തിലും ഭക്തസംഘടനകളിലും അംഗമായിരുന്നു. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് സെന്റ് തോമസ് സ്‌കൂളിൽ അധ്യാപികയായിരിക്കെ സ്‌കൂൾ മാനേജർ ഫാ. വർഗീസ് തയ്യിലിനോടാണ് മഠത്തിൽ ചേരാനുള്ള ആഗ്രഹം സെലിൻ അറിയിച്ചത്. ഫാ. തയ്യിലിന്റെ സഹോദരി സിസ്റ്റർ ആഗ്നസ് കണ്ണൂർ ഉർസുലൈൻ സഭാംഗമായിരുന്നു. അങ്ങനെയാണ് ഉർസുലൈൻ സഭയിലേക്കുള്ള വഴിയൊരുങ്ങിയത്.

1957 ജൂൺ 20 നു ആയിരുന്നു വ്രത വാഗ്ദാനം. അന്ന് യേശുവിന്റെ ദർശനം സിസ്റ്ററിന് ലഭിച്ചു. അവളെ സ്വർഗത്തിലേക്ക് കൂട്ടികൊണ്ട് പോകാൻ താൻ താമസിയാതെ വരുമെന്ന് ദിവ്യനാഥൻ സിസ്റ്റർ സെലിനയോട് പറഞ്ഞിരുന്നു. 1957 ജൂലൈ 25ന് നിത്യസമ്മാനത്തിനായി സിസ്റ്റർ യാത്രയായി. 2007 ജൂലൈ 29നാണ് സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിന്റെ നാമകരണ നടപടികൾ ആരംഭിച്ചത്. 2012 ഫെബ്രുവരി 29 നായിരുന്നു ദൈവദാസി പ്രഖ്യാപനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.