വിശുദ്ധ പത്രോസും പൗലോസും സഭയുടെ വൈവിധ്യത്തിലെ ഐക്യത്തിന്റെ പ്രതീകങ്ങളാണ്: ലെയോ പാപ്പ

വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാർ സ്വഭാവത്തിലും വളർന്നുവന്ന സാഹചര്യങ്ങളിലും ഏറെ വ്യത്യസ്തരായിരുന്നുവെന്നും എന്നാൽ പരിശുദ്ധാത്മാവ് സഭയുടെ നന്മയ്ക്കായി അവരെ ഐക്യത്തിലേക്ക് നയിച്ചുവെന്നും ലെയോ പതിനാലാമൻ മാർപാപ്പ. വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തിൽ ആഞ്ചലൂസ് പ്രാർഥനയ്ക്കിടെ നൽകിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

റോമിലെ കഠിനമായ ചൂടിലും, ഈ തിരുനാൾ ദിനം റോമിലെ സഭയെ ലോകമെമ്പാടുമുള്ള മറ്റെല്ലാ സഭകളുമായും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കൂട്ടായ്മയിൽ ഒന്നിപ്പിക്കുന്ന ബന്ധത്തെയാണ് ഓർമ്മിപ്പിക്കുന്നതെന്ന് പാപ്പ പറഞ്ഞു. റോമിൽ വച്ചുള്ള വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും രക്തസാക്ഷിത്വം പുതിയ നിയമത്തിന്മേലുള്ള ഒരു മുദ്ര പോലെയാണെന്നും, അത് യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിന്റെ ആഴം വെളിപ്പെടുത്തുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു.

“പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ വചനത്താലും രക്തസാക്ഷിത്വത്താലുമാണ് ക്രിസ്തുവിന്റെ സുവിശേഷം റോമിൽ വേരൂന്നിയത്. അധികാരം എന്നത് മറ്റുള്ളവരുടെമേൽ ആധിപത്യം സ്ഥാപിക്കാനല്ല, മറിച്ച് മനുഷ്യജീവിതത്തെ സേവിക്കാനാണെന്ന പുതിയൊരു ബോധ്യം സാമ്രാജ്യത്വത്തിന്റെ തലസ്ഥാനമായ റോമിൽ വച്ച് സുവിശേഷം വെളിപ്പെടുത്തി. ഇത് ദൈവത്തെക്കുറിച്ചുള്ള പുതിയ അറിവിലൂടെയും ഓരോ മനുഷ്യന്റെയും അതിരറ്റ അന്തസ്സിലൂടെയും നവീകരിക്കാനുള്ള സുവിശേഷത്തിന്റെ ശക്തി കാണിച്ചുതരുന്നു” – പാപ്പ കൂട്ടിച്ചേർത്തു.

തുടർന്ന് ലെയോ പതിനാലാമൻ മാർപാപ്പ പത്രോസും പൗലോസും തമ്മിലുള്ള വ്യക്തിപരമായ വ്യത്യാസങ്ങളെക്കുറിച്ച് സംസാരിച്ചു. “അവർ വിളിക്കപ്പെടുന്നതിനു മുമ്പും ശേഷവും പശ്ചാത്തലത്തിലും സ്വഭാവത്തിലും വ്യത്യസ്തരായിരുന്നു. കാരണം, കർത്താവ് അവരെ ഒരുപോലെയല്ല സൃഷ്ടിച്ചത്” – പാപ്പ പറഞ്ഞു. തങ്ങളുടെ വ്യത്യാസങ്ങൾക്കിടയിലും, പത്രോസും പൗലോസും തങ്ങളുടേതായ സവിശേഷമായ സ്വരത്തിൽ സുവിശേഷം പ്രഘോഷിച്ചു. സുവിശേഷത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമായിട്ടാണ് ബൈബിൾ ഈ വ്യത്യാസങ്ങളെ എടുത്തുകാണിക്കുന്നത്.

“റോമിന്റെ ഈ രണ്ട് മധ്യസ്ഥ വിശുദ്ധരും കൂട്ടായ്മയുടെ വെല്ലുവിളികൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എന്നിട്ടും അവർ അതിനെ ദൈവീകജീവന്റെ രഹസ്യമായി സേവിക്കുകയും പ്രഘോഷിക്കുകയും ചെയ്തു. ചരിത്രത്തിൽ ക്രിസ്ത്യൻ സാന്നിധ്യം ആധിപത്യത്തിലേക്കല്ല, മറിച്ച് സേവനം, ഐക്യം, അനുരഞ്ജനം എന്നിവയിലേക്ക് നയിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിൽ അവരുടെ സാക്ഷ്യം നിർണ്ണായകപങ്ക് വഹിച്ചിട്ടുണ്ട്” – മാർപാപ്പ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.