വി. മഗ്ദലന മറിയം ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന ഫ്രാൻസിലെ പുണ്യസങ്കേതം

യേശുക്രിസ്തുവിന്റെ വിശ്വസ്ത ശിഷ്യയായ വിശുദ്ധ മഗ്ദലന മറിയം തന്റെ ജീവിതത്തിലെ അവസാന 30 വർഷങ്ങൾ ചെലവഴിച്ചതായി വിശ്വസിക്കപ്പെടുന്ന ഇടമാണ് ഫ്രാൻസിലെ സെന്റ്-ബാം പുണ്യസങ്കേതം. ഇവിടേക്ക് ഇനി ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് പ്രാർഥനാ നിയോഗങ്ങൾ അയക്കാം. ‘ഹൊസാന’ (Hozana) എന്ന ഡിജിറ്റൽ പ്രാർഥനാ പ്ലാറ്റ്‌ഫോമുമായി സഹകരിച്ച് സൗജന്യമായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ പ്രമുഖ സ്ഥാനമുള്ള വ്യക്തിത്വമാണ് വിശുദ്ധ മഗ്ദലന മറിയം. സുവിശേഷങ്ങൾ അനുസരിച്ച്, യേശു അവളുടെ ശരീരത്തിൽ നിന്ന് ഏഴ് പിശാചുക്കളെ പുറത്താക്കുകയും, തുടർന്ന് അവിടുത്തെ ഏറ്റവും വിശ്വസ്തരായ അനുഗാമികളിൽ ഒരാളായി മഗ്ദലന മറിയം മാറുകയും ചെയ്തു. യേശുവിന്റെ പീഡാസഹനത്തിലും മരണത്തിലും അവിടുത്തോടൊപ്പം നിലകൊണ്ട അവർ, ഉയിർത്തെഴുന്നേറ്റ യേശുവിനെ ആദ്യം കണ്ട വ്യക്തി കൂടിയാണ്.

പുണ്യസങ്കേതത്തിന്റെ വെബ്‌സൈറ്റ് നൽകുന്ന വിവരമനുസരിച്ച്, യേശുവിന്റെ സ്വർഗാരോഹണത്തിന് ശേഷം ക്രൈസ്തവർക്ക് നേരെയുണ്ടായ ആദ്യകാല പീഡനങ്ങളെ തുടർന്ന് പാലസ്തീനിൽ നിന്ന് പുറത്താക്കപ്പെട്ട മഗ്ദലന മറിയം, തെക്കുകിഴക്കൻ ഫ്രാൻസിലെ പ്രൊവെൻസ് തീരത്താണ് എത്തിയത്. വിശുദ്ധ ലാസറിനൊപ്പം മാർസെയിൽ സുവിശേഷ പ്രഘോഷണം നടത്തിയ ശേഷം, അവർ സെന്റ്-ബാം ഗുഹയിലേക്ക് പിൻവാങ്ങുകയും, അവിടെ മുപ്പതോളം വർഷം പ്രാർഥനയിലും തപസ്സിലും ജീവിക്കുകയും ചെയ്തു എന്നാണ് പാരമ്പര്യം പറയുന്നത്.

ഇക്കാരണത്താൽ, വിശുദ്ധ മഗ്ദലന മറിയത്തിന്റെ ഗുഹ അഥവാ ‘കരുണയുടെ പാറ’ ഫ്രാൻസിലെ ഏറ്റവും പഴക്കമേറിയ ക്രിസ്തീയ തീർഥാടന കേന്ദ്രങ്ങളിലൊന്നായി മാറി. ഓരോ വർഷവും ആയിരക്കണക്കിന് തീർഥാടകരാണ് ഈ ഗുഹയിലേക്ക് നടന്നെത്തുന്നത്. 30 മുതൽ 45 മിനിറ്റ് വരെ കാൽനടയായി മാത്രം സഞ്ചരിച്ച് എത്തിച്ചേരാവുന്ന ഒരിടമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.