ഉക്രൈനിലെ വി. ജോൺ പോൾ രണ്ടാമൻ പാപ്പായുടെ തിരുശേഷിപ്പ് മോഷ്ടിച്ച് റഷ്യൻ സൈന്യം

ഉക്രൈനിലെ വോർസെലിൽ സൂക്ഷിച്ചിരുന്ന വി. ജോൺ പോൾ രണ്ടാമൻ പാപ്പായുടെ  തിരുശേഷിപ്പായ കാസ മോഷ്ടിച്ച് റഷ്യൻ സൈന്യം. ഏപ്രിൽ പത്തിനാണ് തിരുഹൃദയ കത്തോലിക്കാ സെമിനാരിയിൽ സൂക്ഷിച്ചിരുന്ന കാസ റഷ്യൻ സൈന്യം മോഷ്ടിച്ചത്.

ഫാത്തിമാ മാതാവിന്റെ ഒരു ചിത്രവും സൈന്യം നശിപ്പിച്ചു. 2001- ൽ ഉക്രൈനിലേക്കുള്ള തന്റെ അപ്പോസ്തോലിക യാത്രയിൽ പാപ്പാ ഉപയോഗിച്ച കാസയായിരുന്നുവത്. “റഷ്യൻ സൈന്യം അവർ ഉക്രൈനിൽ കണ്ടെത്തിയ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം മോഷ്ടിച്ചു. ഒപ്പം ഫാത്തിമ മാതാവിന്റെ രൂപവും മറ്റ് മതപരമായ ചിത്രങ്ങളും അവർ നശിപ്പിച്ചു”- കീവ് – സൈറ്റോമിർ രൂപതയുടെ ബിഷപ്പായ മോൺസിഞ്ഞോർ വിറ്റാലി ക്രിവിറ്റ്സ്കി പറഞ്ഞു.

ഓർത്തഡോക്സ് സഭയുടെ വിമർശനങ്ങൾക്കിടയിൽ എൺപത്തൊന്നാം വയസ്സിലാണ് വി. ജോൺ പോൾ രണ്ടാമൻ പാപ്പാ ഉക്രൈനിലേക്കുള്ള തന്റെ അപ്പോസ്തോലിക യാത്ര നടത്തിയത്. മാർപ്പാപ്പയുടെ സന്ദർശനത്തിൽ വിശ്വാസികൾ പങ്കെടുക്കരുതെന്ന് പോലും ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കീവിലെത്തിയ മാർപാപ്പ ഓർത്തഡോക്സ് സഭയോട് ചെയ്ത എല്ലാ തെറ്റുകൾക്കും ക്ഷമാപണം നടത്തുകയാണ് ചെയ്‌തത്‌.

ഉക്രൈനിലേക്ക് ഒരു അപ്പോസ്തോലിക യാത്ര പരിഗണനയിലുണ്ടെന്ന് ഉക്രൈനിൽ യുദ്ധം തുടങ്ങിയതിനുശേഷം ഫ്രാൻസിസ് പാപ്പാ വെളിപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.