
ഫ്രാൻസിൽ സമാധാനം പുനഃസ്ഥാപിക്കാനും സഹവർത്തിത്വം പുലർത്താനും ആഹ്വാനം ചെയ്ത് രാജ്യത്തെ മെത്രാന്മാർ. ജൂലൈ ഒന്നിന് കത്തോലിക്കാ ബിഷപ്പുമാരും മറ്റു നേതാക്കളും ചേർന്ന് സമാധാനത്തിനായുള്ള പ്രാർത്ഥന നടത്തി. പാരീസിന്റെ പ്രാന്തപ്രദേശമായ നാന്ററെയിൽ ഒരു ട്രാഫിക് സ്റ്റോപ്പിൽ വടക്കേ ആഫ്രിക്കൻ വംശജനായ നാഹെൽ എം എന്ന 17 വയസ്സുകാരനെ പോലീസ് വെടിവച്ചു കൊന്നതിനെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
തുടർന്ന് രാജ്യത്തുടനീളം വ്യാപകമായ ആക്രമണങ്ങൾ അരങ്ങേറി. ആക്രമണം ദിവസങ്ങളോളം നീണ്ടത്, പൊതുമുതൽ കൊള്ളയടിക്കുന്നതിനും പൊതുകെട്ടിടങ്ങൾക്കു നേരെയുള്ള നശീകരണത്തിനും കാരണമായി. ബിബിസിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ മൂന്ന് രാത്രികളിൽ രാജ്യത്തുടനീളം 45,000 ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഞായറാഴ്ച രാത്രി 150-ലധികം പേരെ അറസ്റ്റ് ചെയ്തു; തലേദിവസം രാത്രി 700-ലധികം പേർ. നാശത്തിന്റെ മുഴുവൻ വ്യാപ്തിയും പരിക്കേറ്റവരുടെ എണ്ണവും ഇപ്പോഴും അജ്ഞാതമാണ്.
മരണത്തിലും അക്രമത്തിലും ഫ്രാൻസിലെ മതനേതാക്കൾ സംയുക്ത പ്രസ്താവനയിൽ ദുഃഖം രേഖപ്പെടുത്തി. അതോടൊപ്പം സമാധാനത്തിലേക്കു മടങ്ങാനും അവർ ആഹ്വാനം ചെയ്തു. “അക്രമം ഒരിക്കലും ശരിയായ വഴിയല്ലെന്ന് ഞങ്ങൾ ഒരേ സ്വരത്തിൽ ഉറപ്പിക്കുന്നു. സ്‌കൂളുകൾ, വ്യാപാരസ്ഥാപനങ്ങൾ, സിറ്റി ഹാളുകൾ, ഗതാഗതം എന്നിവക്കെതിരായ ആക്രമണങ്ങളെ ഏറെ വേദനയോടെ കാണുകയാണ്. ഇവിടെയുള്ള സമീപപ്രദേശങ്ങളിലെ താമസക്കാരും കുടുംബങ്ങളും കുട്ടികളുമാണ് ഈ ആക്രമണങ്ങളിൽ ആദ്യം ദുരിതമനുഭവിക്കുന്നത്” – പ്രസ്താവനയിൽ ബിഷപ്പുമാർ വെളിപ്പെടുത്തി.
ഈ സാഹചര്യത്തിൽ ഫ്രാൻസിലെ ഇടവകകളോടും കത്തോലിക്കാ സമൂഹങ്ങളോടും രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രത്യേകം പ്രാർത്ഥിക്കാൻ ഫ്രഞ്ച് ബിഷപ്പുമാർ നിർദേശിച്ചിട്ടുണ്ട്.




