
അഭയാർഥികളെ സ്വീകരിക്കുന്നതിനും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമായി റോമിലെ ജെ.ആർ.എസ് ‘സെൻട്രോ അസ്റ്റാലി’യുടെ പിന്തുണയുള്ള 13 അഭയാർഥികൾ കാസിൽ ഗാൻഡോൾഫോയിൽ വച്ച് ലെയോ പതിനാലാമൻ മാർപാപ്പയോടൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കെടുക്കും. റോമിലെ ജെസ്യൂട്ട് റഫ്യൂജി സർവീസ് (JRS) കേന്ദ്രമായ സെൻട്രോ അസ്റ്റാലിയുടെ പിന്തുണയുള്ള 13 അഭയാർഥികളെ സംബന്ധിച്ചിടത്തോളം ജൂലൈ 11 ശനിയാഴ്ച എന്നത് അവിസ്മരണീയമായ ഒരു ദിവസമായിരിക്കും.
മറ്റ് ഇരുനൂറോളം അതിഥികൾക്കൊപ്പം അവർ കാസിൽ ഗാൻഡോൾഫോയിലെ പൊന്തിഫിക്കൽ വില്ലകൾ സന്ദർശിക്കുകയും ‘ബോർഗോ ലൗദാത്തോ സി’ കാണുകയും ലെയോ പതിനാലാമൻ പാപ്പയോടൊപ്പം ഉച്ചഭക്ഷണം പങ്കിടുകയും ചെയ്യും. ഇത് തങ്ങളുടെ അന്തസ്സ് അംഗീകരിക്കപ്പെടുന്ന ഒരിടത്ത് സ്വാഗതം ചെയ്യപ്പെട്ടതായി അനുഭവിക്കാൻ അവരെ സഹായിക്കുമെന്ന് സെൻട്രോ അസ്റ്റാലി കമ്മ്യൂണിക്കേഷൻസ് മാനേജർ ഫ്രാൻസെസ്ക കുവോമോ പറഞ്ഞു.
അക്രമങ്ങളുടെയും പീഡനങ്ങളുടെയും അനുഭവങ്ങളാണ് ഇവരുടെയെല്ലാം ഭൂതകാലത്തിനുള്ളത്. സുരക്ഷിതത്വവും പുതിയൊരു ഭാവി കെട്ടിപ്പടുക്കാനുള്ള അവസരവും തേടി അനിശ്ചിതത്വങ്ങളിലേക്ക് അവർ തങ്ങളുടെ ജന്മനാട് ഉപേക്ഷിച്ച് ഇറങ്ങുകയായിരുന്നു. ഒറ്റയ്ക്ക് പൂർത്തിയാക്കാൻ കഴിയാത്ത ഈ യാത്രയിൽ ശരിയായ സമയത്ത് കൈത്താങ്ങാകാൻ തയ്യാറുള്ളവരുടെ പിന്തുണയും ആവശ്യമാണ്.
അതിഥികളിൽ ചിലർ നിലവിൽ സെൻട്രോ അസ്റ്റാലിയുടെ അഭയാർഥികളുടെ പദ്ധതികളുടെ ഭാഗമാണ്. 2013-ൽ ഫ്രാൻസിസ് മാർപാപ്പ സെൻട്രോ അസ്റ്റാലി സന്ദർശിച്ചപ്പോൾ അഭയാർഥികൾക്കായി വാതിലുകൾ തുറന്നിടാൻ സന്ന്യാസ സമൂഹങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിനോടുള്ള പ്രതികരണമായി വിവിധ സന്ന്യാസ സഭകൾ ലഭ്യമാക്കിയ താമസസൗകര്യങ്ങളാണ് ഇവയെന്ന് കുവോമോ വിശദീകരിച്ചു.
ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള (ഒരാൾ എൽ സാൽവഡോറിൽ നിന്നും മറ്റൊരാൾ പെറുവിലും നിന്ന്) രണ്ട് യുവതികളും മൂന്ന് കുടുംബങ്ങളും ഈ ഗ്രൂപ്പിലുണ്ട്. ഇവർക്കെല്ലാം ഇറ്റലിയിൽ അഭയാർഥികളായോ അല്ലെങ്കിൽ സബ്സിഡിയറി പ്രൊട്ടക്ഷൻ വഴിയോ അന്താരാഷ്ട്ര സംരക്ഷണം ലഭിച്ചിട്ടുണ്ട്.




