കേരള കത്തോലിക്കാ സഭയ്ക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കാൻ ആഹ്വാനംചെയ്ത് ധ്യാനഗുരുക്കന്മാർ

കത്തോലിക്കാ സഭയിലെ പ്രതിസന്ധികൾ അവസാനിക്കുന്നതിനായി വിശ്വാസികളോട് പ്രത്യേക പ്രാർഥനകൾക്ക് ആഹ്വാനംചെയ്ത് പ്രശസ്ത ധ്യാനഗുരുക്കന്മാരായ ഫാ. ഡാനിയേൽ പൂവണ്ണത്തിലും ഫാ. ബിനോയി കരിമരുതിങ്കലും. “നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാർഥന ഒരാൾ പത്തുതവണ ചൊല്ലുക. അങ്ങനെ 10 ലക്ഷം പേർ ചൊല്ലിയാൽ ഒരുദിവസം ഒരുകോടി പ്രാർഥനകൾ സമർപ്പിക്കാൻ കഴിയും.” വീഡിയോ സന്ദേശത്തിലൂടെയാണ് പ്രാർഥനയ്ക്കായുള്ള പ്രത്യേക ആഹ്വാനം.  

അപ്പസ്തോലന്മാരുടെ കാലത്ത് പ്രതിസന്ധികളുണ്ടായപ്പോൾ, മനുഷ്യരിൽ ആശ്രയിക്കാതെ, സംവാദങ്ങളും വാഗ്വാദങ്ങളും നടത്തി സമയംകളയാതെ, അവർ ദൈവത്തെ വിളിച്ചു പ്രാർഥിക്കുകയും ആരാധിക്കുകയും ചെയ്തു. അതിനുശേഷം വളരെ ശക്തമായ ദൈവരാജ്യപ്രവർത്തനങ്ങൾ അവിടെ നടന്നു എന്ന വചനം അനുസ്മരിച്ചുകൊണ്ട് സഭയ്ക്കുവേണ്ടി പ്രാർഥിക്കാം എന്നാണ് ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ ആഹ്വാനം. കേരളസഭ കടന്നുപോകുന്ന ഈ പ്രതിസന്ധിഘട്ടത്തിൽ സഭയിൽനിന്നും ധാരാളം നന്മകൾ സ്വീകരിച്ച് നമ്മൾ സഭയ്ക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കേണ്ടതുണ്ടന്നും, കത്തോലിക്കാ സഭ പൊതുവായി നേരിടുന്ന പ്രതിസന്ധികൾ മാറിപ്പോകുന്നതിനുവേണ്ടിയും കേരളസഭയുടെ ഒരു പ്രത്യേക നിയോഗത്തിനുവേണ്ടിയുമാണ് പ്രാർഥനകൾ കാഴ്ചവയ്‌ക്കേണ്ടത്.

“നന്മനിറഞ്ഞ മറിയമേ എന്ന പ്രാർഥന ഒരാൾ പത്തുതവണ ചൊല്ലുക. അങ്ങനെ പത്തുലക്ഷം പേർ ചൊല്ലിയാൽ ഒരുദിവസം ഒരുകോടി നന്മനിറഞ്ഞ മറിയമേ ചൊല്ലി സഭയ്ക്കുവേണ്ടി സമർപ്പിക്കാൻ കഴിയും. പ്രാർഥന കഴിഞ്ഞ്, അമ്മേ മാതാവേ ഈ പ്രാർഥന ഭാരതസഭയ്ക്കുവേണ്ടിയും കേരളസഭയുടെ ഒരു പ്രത്യേക നിയോഗത്തിനുവേണ്ടിയും സമർപ്പിക്കുന്നു എന്നും പ്രാർഥിക്കണം” – ഫാ. ഡാനിയേൽ വീഡിയോ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

ഈ നോമ്പുകാലത്ത് ഭാരതസഭയ്ക്കുവേണ്ടി പ്രത്യേകമായും കേരളസഭയ്ക്കുവേണ്ടി ശക്തമായും പ്രാർഥിക്കണമെന്ന് തന്റെ വീഡിയോ സന്ദേശത്തിൽ ഫാ. ബിനോയി കരിമരുതിങ്കലും വിശ്വാസികളോടു പറഞ്ഞു. ഭാരതസഭ നേരിടുന്ന പീഡനങ്ങളെയും സമകാലീന സംഭവങ്ങളെയും ഓർത്തുകൊണ്ട് പത്തു നന്മനിറഞ്ഞ മറിയമേ ചൊല്ലി കാഴ്ചവയ്ക്കാനാണ് അദ്ദേഹത്തിന്റെ ആഹ്വാനവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.