
യുദ്ധവും ആഭ്യന്തര അസ്ഥിരതയും മൂലം മുറിവേറ്റ ഇറാഖിൽ, സമാധാനത്തിന്റെയും പ്രത്യാശയുടെയും വക്താക്കളാകാൻ ക്രൈസ്തവ യുവജനങ്ങളോട് ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു. ഇറാഖിലെ അർബിൽ അതിരൂപതയുടെ കീഴിലുള്ള അങ്കാവയിൽ ആരംഭിച്ച വാർഷിക ക്രൈസ്തവ യുവജന സമ്മേളനത്തിന് നൽകിയ വീഡിയോ സന്ദേശത്തിലാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ 8 മുതൽ 11 വരെയാണ് ഈ വർഷത്തെ സമ്മേളനം നടക്കുന്നത്.
‘ദൗത്യം’ (Mission) എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ പങ്കുചേരുന്ന എഴുന്നൂറിലധികം യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, യുവജനങ്ങൾ സഭയുടെ ഭാവി മാത്രമല്ല, വർത്തമാനകാലം കൂടിയാണെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. ലോകത്തിൽ പ്രകാശമായിരിക്കുക എന്നത് എല്ലായ്‌പ്പോഴും എളുപ്പമുള്ള കാര്യമല്ലെന്നും, പ്രത്യേകിച്ച് യുദ്ധവും പ്രതിസന്ധികളും നിറഞ്ഞ സാഹചര്യങ്ങളിൽ അത് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്നും പാപ്പ ചൂണ്ടിക്കാട്ടി.
“ഈ ദൗത്യം നിർവഹിക്കുന്നതിൽ നിങ്ങൾ തനിച്ചല്ല. ഞാനും സഭയും നിങ്ങളോടൊപ്പമുണ്ട്. യേശുക്രിസ്തുവിൽ പൂർണ്ണമായി വിശ്വസിക്കുകയും പ്രാർഥനയിലൂടെയും മറ്റുള്ളവരുടെ മാർഗനിർദേശങ്ങളിലൂടെയും മുന്നോട്ട് പോകുകയും ചെയ്യുക,” മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു. ക്രൈസ്തവ ജീവിതത്തിൽ വെളിച്ചത്തിന്റെ മൂന്ന് പ്രധാന സവിശേഷതകളായ വിശ്വാസം, സ്നേഹം, പ്രത്യാശ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വിശ്വാസം എന്നത് പ്രതിസന്ധികളെ നേരിടാനുള്ള ഒരു താത്കാലിക മാർഗമല്ല, മറിച്ച് ദൈവത്തിന്റെ കണ്ണുകളിലൂടെ ലോകത്തെ കാണാനുള്ള കരുത്താണെന്ന് പാപ്പ കൂട്ടിച്ചേർത്തു.
തീവ്രവാദ അധിനിവേശത്തെയും കടുത്ത പ്രതിസന്ധികളെയും അതിജീവിച്ച ഇറാഖിലെ ബാഗ്ദാദ്, ബസ്ര, മൊസൂൾ ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങളാണ് ഈ വർഷത്തെ കൂട്ടായ്മയിൽ പങ്കെടുക്കുന്നത്. കൽദായ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സംഗമത്തിന് അന്താരാഷ്ട്ര കത്തോലിക്കാ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചർച്ച് ഇൻ നീഡ്’ (ACN) പിന്തുണ നൽകുന്നുണ്ട്. സഭയുടെയും സമൂഹത്തിന്റെയും നാളത്തെ വളർച്ചയിൽ ഇറാഖിലെ ഈ യുവതലമുറയ്ക്ക് നിർണ്ണായക പങ്കുവഹിക്കാനുണ്ടെന്ന് മാർപാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. സന്ദേശത്തിന്റെ ഒടുവിൽ, യുവജനങ്ങളെ മുഴുവൻ സഭയുടെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃതുല്യമായ സംരക്ഷണത്തിന് സമർപ്പിച്ചുകൊണ്ടാണ് പാപ്പ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.




