
സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവും പ്രശസ്ത നോർവീജിയൻ എഴുത്തുകാരിയുമായ സിഗ്രിഡ് ഉൺസെറ്റിനെ കത്തോലിക്കാ സഭയിലെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള ഔദ്യോഗിക നടപടികൾ നോർവേയിലെ ഒസ്ലോ രൂപത ആരംഭിക്കുന്നു. നോർവേയിലെ ഒസ്ലോ ബിഷപ്പായ ഫ്രെഡറിക് ഹാൻസെൻ ജൂലൈ എട്ടിന് സെൽജ ദ്വീപിൽ നടന്ന വിശുദ്ധ സുണ്ണിവയുടെ തിരുനാൾ തിരുക്കർമ്മങ്ങൾക്കിടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഈ വർഷം ശരത്കാലത്തോടെ രൂപതാതലത്തിലുള്ള ഔദ്യോഗിക അന്വേഷണ നടപടികൾ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നോർവീജിയൻ സംസ്കാരത്തിലെയും സാഹിത്യത്തിലെയും അഗ്രഗണ്യയായ സിഗ്രിഡ് ഉൺസെറ്റിനെ കേവലമൊരു സാഹിത്യകാരി എന്നതിലുപരി, കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള വഴിമാറ്റത്തിലൂടെയും പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിലൂടെയും വിശുദ്ധിയുടെ മാതൃക കാണിച്ച വ്യക്തിയായാണ് സഭ അടയാളപ്പെടുത്തുന്നത്. 1928-ൽ തന്റെ വിഖ്യാത ചരിത്ര നോവലായ ‘ക്രിസ്റ്റിൻ ലാവ്‌റൻസ്ദാത്തർ’ (Kristin Lavransdatter) എന്ന കൃതിയിലൂടെയാണ് അവർക്ക് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്നത്. മധ്യകാല നോർവേയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ കൃതി ഇന്നും ആഗോളതലത്തിൽ ക്രൈസ്തവ ആത്മീയതയുടെ മികച്ച സാഹിത്യവിഷ്കാരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു
1882-ൽ ജനിച്ച സിഗ്രിഡ്, ഒരു അവിശ്വാസിയായി വളരുകയും വ്യക്തിജീവിതത്തിൽ നിരവധി തകർച്ചകളും വിവാഹമോചനവും നേരിടുകയും ചെയ്ത ശേഷമാണ് 1924-ൽ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നത്. പ്രശസ്ത തത്ത്വചിന്തകനായ വിശുദ്ധ അഗസ്റ്റിന്റെ ജീവിതത്തോട് ഉപമിക്കാവുന്ന തരത്തിലുള്ള തീക്ഷ്ണമായ ഒരു മാനസാന്തരമായിരുന്നു അവരുടേത്. രണ്ടാം ലോകമഹായുദ്ധകാലത്ത് അഡോൾഫ് ഹിറ്റ്‌ലറുടെയും നാസിസത്തിന്റെയും കടുത്ത വിമർശകയായിരുന്ന അവർക്ക് നോർവേയിൽ നിന്ന് അമേരിക്കയിലേക്ക് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. അവിടെയിരുന്നും അവർ മാനവികതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയർത്തി.
“അവർ ഒരു നോബൽ ജേതാവ് മാത്രമല്ല, മറിച്ച് സുകൃതങ്ങൾ നിറഞ്ഞ ജീവിതത്തിലൂടെ വിശുദ്ധി കൈവരിക്കാൻ ആഗ്രഹിച്ച ഒരു സാധാരണ കത്തോലിക്കാ വിശ്വാസിയുടെ മാതൃകയാണ്. തെറ്റുകളും ബലഹീനതകളും ദൈവകൃപയാൽ എങ്ങനെ രൂപാന്തരപ്പെടുന്നു എന്നതിന്റെ തെളിവാണ് അവരുടെ ജീവിതം,” ബിഷപ്പ് ഹാൻസെൻ കൂട്ടിച്ചേർത്തു. തന്റെ ഭിന്നശേഷിക്കാരിയായ മകളെ പരിചരിക്കുന്നതിൽ കാണിച്ച ആത്മാർഥത, ദരിദ്രരോടുള്ള കരുണ, കത്തോലിക്കാ വിശ്വാസസംരക്ഷണം എന്നിവയാണ് അവരെ വിശുദ്ധ പദവിയിലേക്ക് നാമനിർദേശം ചെയ്യാൻ ബിഷപ്പ് ഫ്രെഡറിക് ഹാൻസെനെ പ്രേരിപ്പിച്ചത്.




