ദരിദ്രർക്കായുള്ള ഏഴാമത് ആഗോള ദിനാചരണം ഇന്ന്

ദരിദ്രർക്കായുള്ള ഏഴാം ലോകദിനാചരണത്തോടനുബന്ധിച്ച് പാപ്പാ ഇന്ന് രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ദിവ്യബലി അർപ്പിക്കും. രാവിലെ പ്രാദേശിക സമയം പത്തു മണിക്കായിരിക്കും ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മകത്വത്തിൽ ദിവ്യബലി ആരംഭിക്കുക. വിവിധ രാജ്യത്ത് നിന്നുള്ള പാവപ്പെട്ടവർ ഈ വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കും.

ദിവ്യബലിക്കു ശേഷം പാപ്പാ വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയ്ക്ക് സമീപത്തുള്ള പോൾ ആറാമൻ ഹാളിൽ വച്ച് പാവപ്പെട്ടവരുമൊത്ത് ഉച്ചഭക്ഷണം കഴിക്കും. ഹിൽട്ടൺ ഹോട്ടലിൻറെ ഇറ്റലിയിലുള്ള ശൃംഖലയാണ് ഈ ഭക്ഷണം സംഭാവന ചെയ്യുന്നത്. 2015 ഡിസംബർ 8 മുതൽ 2016 നവമ്പർ 20 വരെ ആചരിക്കപ്പെട്ട കരുണയുടെ അസാധാരണ ജൂബിലിയുടെ സമാപനത്തിൽ പുറപ്പെടുവിച്ച അപ്പൊസ്തോലിക ലേഖനമായ “മസെരിക്കോർദിയ ഏത് മീസെര” (Misericordia et misera)-യിലൂടെ ഫ്രാൻസീസ് പാപ്പായാണ് ഈ ദിനാചരണം ഏർപ്പെടുത്തിയത്.

അനുവർഷം, ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച്, ആണ്ടുവട്ടത്തിലെ സാധാരണകാലത്തിലെ മുപ്പത്തിമൂന്നാമത്തെ ഞായറാഴ്ചയാണ് പാവപ്പെട്ടവർക്കായുള്ള ദിനം ആഗോള സഭാതലത്തിൽ ആചരിക്കപ്പെടുക. ഇക്കൊല്ലം ഇത് ഈ ഞായറാഴ്ചയാണ് (19/11/23). ഈ വർഷത്തെ ദിനാചരണത്തിൻറെ വിചിന്തനം പ്രമേയം തോബിത്തിൻറെ പുസ്തകം നാലാം അദ്ധ്യായത്തിൽ നിന്നെടുത്ത ഏഴാമത്തെതായ ഈ വാക്യമാണ്: “ദരിദ്രനിൽ നിന്ന് മുഖം തിരിക്കരുത്”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.