
കാസിൽ ഗാൻഡോൾഫോയിൽ നിന്നും വിശ്വാസികളെ അഭിസംബോധന ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. കൂടാതെ പാപ്പ ആഞ്ചലൂസ് പ്രാർഥന നയിക്കുകയും സന്ദേശം നൽകുകയും ചെയ്തു. 12 വർഷത്തിനിടെ ആദ്യമായാണ് ഒരു മാർപാപ്പ ഈ വേനൽകാല വസതിയിൽനിന്നും ആഞ്ചലൂസ് പ്രാർഥന നയിക്കുന്നത്.
ഇടയ്ക്കിടെ നേരിയ മഴ പെയ്യുന്നുണ്ടായിരുന്നെങ്കിലും ബ്രസീൽ, ഇറ്റലി, പോളണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള തീർഥാടകർ കാസിൽ ഗാൻഡോൾഫോയിലെ പ്രധാന സ്ക്വയറിൽ എത്തിയിരുന്നു. മാർപാപ്പ അവർക്ക് ‘നല്ലൊരു ഞായറാഴ്ച’ ആശംസിച്ചു.
“നിത്യജീവനിലുള്ള പ്രതീക്ഷ ബലപ്രയോഗത്തിലൂടെയോ, യാചിച്ചോ, ചർച്ചയിലൂടെയോ നേടിയെടുക്കേണ്ട ഒന്നല്ല. ദൈവത്തിനുമാത്രം നൽകാൻ കഴിയുന്ന നിത്യജീവൻ, മാതാപിതാക്കൾ മക്കൾക്കു നൽകുന്നതുപോലെ ഒരു അവകാശമായി നമുക്കു നൽകപ്പെടുന്നതാണ്. അതുകൊണ്ടാണ് ദൈവത്തിന്റെ ഈ ദാനം ലഭിക്കണമെങ്കിൽ, നാം അവന്റെ ഇഷ്ടം നിറവേറ്റണമെന്ന് ഈശോ നമ്മോടു പറയുന്നത്” – പാപ്പ സന്ദേശത്തിൽ വെളിപ്പെടുത്തി.




