കൗമാരക്കാരായ കുട്ടികളെ എങ്ങനെ പ്രാർഥിക്കാൻ പഠിപ്പിക്കാം?

കുട്ടികളെ ദൈവത്തോട് അടുപ്പിക്കുകയും പ്രാർഥിക്കാൻ പഠിപ്പിക്കുകയും ചെയ്യുക എന്നതാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ കടമ. കൗമാരപ്രായത്തിൽ കുട്ടികൾ പലവിധ സമ്മർദങ്ങളിലൂടെയും സംശയങ്ങളിലൂടെയും കടന്നുപോകുന്നവരാണ്. ഈ സമയത്ത് ദൈവവുമായുള്ള ബന്ധം അവർക്ക് വലിയൊരു ആശ്വാസവും വഴികാട്ടിയുമായിരിക്കും. കൗമാരക്കാരെ ലളിതമായി പ്രാർഥനയിലേക്ക് അടുപ്പിക്കാൻ സഹായിക്കുന്ന ചില വഴികൾ താഴെ നൽകുന്നു.

1. പ്രാർഥന എന്താണെന്ന് ലളിതമായി പറഞ്ഞുകൊടുക്കുക

പ്രാർഥന എന്നത് മനഃപാഠമാക്കിയ ചില വാക്കുകൾ ചൊല്ലൽ മാത്രമല്ലെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക. അത് നമ്മെ സൃഷ്ടിച്ച ദൈവത്തോട് ഒരു കൂട്ടുകാരനോടെന്നപോലെ മനസ്സ് തുറന്ന് സംസാരിക്കാനുള്ള അവസരമാണെന്ന് അവരെ പഠിപ്പിക്കുക.

2. സ്വന്തം ജീവിതത്തിലൂടെ മാതൃകയാവുക

കുട്ടികൾ കേട്ടു പഠിക്കുന്നതിനേക്കാൾ കണ്ടാണ് പഠിക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിൽ—ഭക്ഷണത്തിന് മുൻപോ, ബുദ്ധിമുട്ടിന്റെ സമയങ്ങളിലോ, സന്തോഷ നിമിഷങ്ങളിലോ—നാം പ്രാർഥിക്കുന്നത് കുട്ടികൾ കാണട്ടെ. നമ്മുടെ ജീവിതത്തിലെ പ്രാർഥനാശീലം അവരിലും സ്വാധീനം ചെലുത്തും.

3. സ്വന്തം വാക്കുകളിൽ പ്രാർഥിക്കാൻ പ്രോത്സാഹിപ്പിക്കുക

കഠിനമായ വാക്കുകളോ വലിയ വാക്യങ്ങളോ പ്രാർഥനയ്ക്ക് ആവശ്യമില്ല. സ്വന്തം വികാരങ്ങളും ആഗ്രഹങ്ങളും തെറ്റുകളും ഉള്ളതുപോലെ ദൈവത്തോട് തുറന്നു പറയാൻ അവരെ പഠിപ്പിക്കുക. ദൈവത്തിന് വേണ്ടത് നമ്മുടെ ആത്മാർഥത മാത്രമാണ്.

4. ദിനചര്യയുടെ ഭാഗമാക്കുക

രാവിലെ എഴുന്നേൽക്കുമ്പോഴോ, ഉറങ്ങാൻ പോകുന്നതിന് മുൻപോ പ്രാർഥിക്കാൻ ചെറിയൊരു സമയം മാറ്റിവയ്ക്കാൻ സഹായിക്കുക. ദിവസവും കൃത്യമായ സമയം മാറ്റിവയ്ക്കുന്നത് അതൊരു നല്ല ശീലമായി മാറാൻ സഹായിക്കും.

5. ഒരുമിച്ച് പ്രാർഥിക്കുക

കുടുംബമായി ഒന്നിച്ച് പ്രാർഥിക്കുന്നത് കുട്ടികളിൽ വലിയ സുരക്ഷിതത്വം ഉണ്ടാക്കും. അവരുടെ പഠന കാര്യങ്ങൾക്കും കൂട്ടുകാർക്കും വേണ്ടി മാതാപിതാക്കൾ ഒന്നിച്ച് പ്രാർഥിക്കുമ്പോൾ പ്രാർഥനയുടെ പ്രാധാന്യം അവർ തിരിച്ചറിയും.

6. അവരുടെ സംശയങ്ങൾ കേൾക്കുക

“ദൈവം എന്റെ പ്രാർഥന കേൾക്കുന്നുണ്ടോ” എന്ന സംശയം കുട്ടികൾക്കുണ്ടായാൽ അത് സ്വാഭാവികമാണ്. അവരുടെ ചോദ്യങ്ങളെ ഗൗരവത്തോടെ കേൾക്കുക. പ്രാർഥന എന്നാൽ പെട്ടെന്ന് ആഗ്രഹങ്ങൾ സാധിച്ചെടുക്കലല്ല, മറിച്ച് ദൈവത്തോട് ചേർന്നുനിൽക്കുന്ന ഒരു നല്ല ബന്ധമാണെന്ന് അവരെ സ്നേഹത്തോടെ ബോധ്യപ്പെടുത്തുക.

കുട്ടികളെ പ്രാർഥന പഠിപ്പിക്കുക എന്നത് ഒറ്റ ദിവസം കൊണ്ട് നടക്കുന്ന കാര്യമല്ല. അതിന് വലിയ ക്ഷമയും സ്നേഹവും ആവശ്യമാണ്. നിർബന്ധിച്ച് പ്രാർഥിപ്പിക്കുന്നതിനേക്കാൾ നല്ലത്, പ്രാർഥന അവർക്ക് സന്തോഷവും സമാധാനവും നൽകുന്ന ഒരു അനുഭവമാക്കി മാറ്റുന്നതാണ്. നിങ്ങളുടെ ലളിതമായ പരിശ്രമങ്ങൾ അവരുടെ ഭാവി ജീവിതത്തിന് വലിയൊരു അടിത്തറയായി മാറും.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.