
നമ്മൾ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കാനും തിരക്കുകൾക്കുള്ളിൽ മുഴുകിയിരിക്കാനും ഇഷ്ടപ്പെടുന്നവരാണ്. നിശ്ശബ്ദതയെ പലപ്പോഴും നാം ശൂന്യതയായോ, ഏകാന്തതയായോ ഭയപ്പെടുന്നു. എന്നാൽ, ജീവിതത്തിലെ ഏറ്റവും ആഴമേറിയ തിരിച്ചറിവുകളും ശാന്തതയും പലപ്പോഴും രൂപപ്പെടുന്നത് നിശ്ശബ്ദതയുടെ ഇടങ്ങളിലാണ്. ബഹളങ്ങൾ ഒഴിഞ്ഞുമാറുമ്പോൾ, നമ്മുടെ ഉള്ളിലെ ശബ്ദവും ചുറ്റുമുള്ള ലോകത്തിന്റെ നേർത്ത സൂചനകളും നാം കൂടുതൽ വ്യക്തമായി കേൾക്കാൻ തുടങ്ങുന്നു.
അമേരിക്കൻ എഴുത്തുകാരൻ ഹെൻറി ഡേവിഡ് തോറോയുടെ ‘വാൾഡൻ’ (Walden) എന്ന കൃതി പ്രകൃതിയുടെ നിശ്ശബ്ദതയിൽ മനുഷ്യൻ കണ്ടെത്തുന്ന ആത്മീയ ഉണർവിനെക്കുറിച്ചു സംസാരിക്കുന്ന ഒന്നാണ്. തിരക്കേറിയ നഗരജീവിതത്തിൽ നിന്നു മാറി വാൾഡൻ തടാകക്കരയിൽ ഏകാന്തവാസം നയിച്ച തോറോ, നിശ്ശബ്ദതയെ വെറുമൊരു ശൂന്യതയായല്ല, മറിച്ച് ജീവിതത്തിന്റെ അർഥം തേടാനുള്ള ഉപാധിയായാണ് കണ്ടത്. കാറ്റിന്റെ മർമ്മരവും പക്ഷികളുടെ ശബ്ദവും വെള്ളത്തിന്റെ ഒഴുക്കും ശ്രദ്ധിക്കുന്നതിലൂടെ, പുറംലോകത്തെ ആരവങ്ങളേക്കാൾ ആഴമുള്ള ഒരു ഉൾക്കാഴ്ചയാണ് അദ്ദേഹത്തിനു ലഭിച്ചത്.
മസാച്യുസെറ്റ്സിലെ കോൺകോർഡിനടുത്ത്, തന്റെ സുഹൃത്തും ഗുരുവുമായിരുന്ന റാൽഫ് വാൽഡോ എമേഴ്സന്റെ ഉടമസ്ഥതയിലുള്ള വനമേഖലയിലെ വാൾഡൻ തടാകക്കരയിൽ സ്വയം നിർമ്മിച്ച ചെറിയ കുടിലിൽ രണ്ടു വർഷവും രണ്ടു മാസവും രണ്ടു ദിവസവും താമസിച്ച അനുഭവങ്ങളുടെ രേഖയാണ് ‘വാൾഡൻ’ (Walden) എന്ന കൃതി. 1854 ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിൽ, ലളിതമായ ജീവിതശൈലിയും പ്രകൃതിയോടുള്ള ചേർന്നുനിൽപ്പും ആഴത്തിൽ വിവരിക്കുന്നുണ്ട്. തന്റെ അനുഭവത്തെക്കുറിച്ച് അദ്ദേഹം എഴുതിയത് ഇങ്ങനെയായിരുന്നു:
“ബോധപൂർവം ജീവിക്കാനും, ജീവിതത്തിന്റെ അടിസ്ഥാനപരമായ യാഥാർഥ്യങ്ങളെ മാത്രം അഭിമുഖീകരിക്കാനും, ജീവിതം പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് അറിയാൻ എനിക്ക് കഴിയുമോ എന്ന് നോക്കാനുമാണ് ഞാൻ കാട്ടിലേക്കു പോയത്; മരിക്കാൻ നേരം, ഞാൻ യഥാർഥത്തിൽ ജീവിച്ചിരുന്നില്ല എന്ന് തിരിച്ചറിയാതിരിക്കാനാണ് അങ്ങനെ ചെയ്തത്. യഥാർഥ ജീവിതമല്ലാത്ത ഒന്നിനെ ജീവിതമായി കൊണ്ടുനടക്കാൻ ഞാൻ ആഗ്രഹിച്ചില്ല. കാരണം, ജീവിതം അത്രമേൽ അമൂല്യമാണ്.”
അനാവശ്യമായ ഭൗതികസമ്പാദ്യങ്ങളും തിരക്കുകളും അദ്ദേഹം ഒഴിവാക്കി. അതുവഴി ഓരോ ഋതുവിലും മാറുന്ന തടാകത്തിന്റെ ശാന്തതയും വനത്തിന്റെ നിശ്ശബ്ദതയും അദ്ദേഹത്തിന്റെ മനസ്സിനെ തെളിമയുള്ളതാക്കി. നിശ്ശബ്ദതയിൽ ചെവിയോർക്കുമ്പോൾ, പുറത്തു നിന്നുള്ള ശബ്ദങ്ങൾ കുറയുകയും ഉള്ളിലെ സത്യങ്ങളും ജീവിതത്തിന്റെ ലളിതമായ സൗന്ദര്യവും കൂടുതൽ വ്യക്തമായി തെളിയുകയും ചെയ്യുന്നു എന്ന യാഥാർഥ്യം അദ്ദേഹം മനസ്സിലാക്കി.
ബൈബിളിൽ രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിൽ നിശ്ശബ്ദതയിൽ അനുഭവിക്കാൻ കഴിയുന്ന ദൈവസാന്നിധ്യത്തെക്കുറിച്ചു പറയുന്നുണ്ട്:
“നീ ചെന്ന് മലയില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നില്ക്കുക. അവിടുന്ന് അരുളിച്ചെയ്തു: കര്‍ത്താവ് കടന്നുപോയി. അവിടുത്തെ മുന്പില് മലകള്‍ പിളര്‍ന്നും പാറകള്‍ തകര്‍ത്തും കൊണ്ട് കൊടുങ്കാറ്റടിച്ചു; കൊടുങ്കാറ്റില്‍ കര്‍ത്താവില്ലായിരുന്നു. കാറ്റു കഴിഞ്ഞ് ഭൂകമ്പമുണ്ടായി; ഭൂകമ്പത്തിലും കര്‍ത്താവില്ലായിരുന്നു. ഭൂകമ്പത്തിനു ശേഷം അഗ്നിയുണ്ടായി; അഗ്നിയിലും കര്‍ത്താവില്ലായിരുന്നു. അഗ്നി അടങ്ങിയപ്പോള്‍ ഒരു മൃദുസ്വരം കേട്ടു” (1 രാജാ. 19: 11-12).
പ്രവാചകനായ ഏലിയാ തളർച്ചയിലും ഭയത്തിലും കഴിയുന്ന വേളയിലാണ് ഈ അനുഭവം ഉണ്ടാകുന്നതെന്ന് ഓർക്കണം. വലിയ ശക്തിപ്രകടനങ്ങൾക്കും ബഹളങ്ങൾക്കുമപ്പുറം, ശാന്തമായ നിശ്ശബ്ദതയിലാണ് അദ്ദേഹത്തിന് ആശ്വാസവും പുതിയ ദിശാബോധവും ലഭിക്കുന്നത്. പ്രതിസന്ധികളും ആശങ്കകളും മനസ്സിനെ അലട്ടുമ്പോൾ, പുറത്തു നിന്നുള്ള വലിയ ശബ്ദങ്ങൾക്കപ്പുറം ഉള്ളിലുയരുന്ന നേർത്ത സ്വരങ്ങളിലാണ് പലപ്പോഴും സമാധാനവും വ്യക്തതയും ഒളിഞ്ഞിരിക്കുന്നത്.
നിശ്ശബ്ദത നമ്മെ ഒറ്റപ്പെടുത്തുകയല്ല, മറിച്ച് നമ്മുടെ ആത്മാവിനെ ശാന്തമാക്കി മുന്നോട്ടു നടക്കാനുള്ള കരുത്ത് നൽകുകയാണ് ചെയ്യുന്നത്. പക്ഷേ, ഇത് നമ്മൾ പലപ്പോഴും മറന്നുപോകുന്നു. ശബ്ദകോലാഹലങ്ങൾക്കിടയിൽ നാം ആഴം നഷ്ടപ്പെടുത്തുമ്പോൾ, കുറച്ചുനേരത്തെ നിശ്ശബ്ദത നമ്മെ വീണ്ടും ജീവന്റെ താളത്തിലേക്ക് കൊണ്ടുവരുന്നു.
പ്രായോഗികം
ഇന്നത്തെ തിരക്കുകൾക്കിടയിൽ കുറഞ്ഞത് പത്തു മിനിറ്റെങ്കിലും ഫോണും മറ്റു ശബ്ദങ്ങളും മാറ്റിനിർത്തി നിശ്ശബ്ദമായി ഇരിക്കുക. ആ നിമിഷങ്ങളിൽ നിങ്ങളുടെ മനസ്സിലുയരുന്ന ചിന്തകളെയും ശാന്തതയെയും ശ്രദ്ധിക്കുക.
ചിന്ത
ബഹളങ്ങൾക്കിടയിൽ നഷ്ടപ്പെട്ടുപോകുന്ന പല സത്യങ്ങളും, നിശ്ശബ്ദതയിൽ നാം നമ്മോടു തന്നെ സത്യസന്ധമായി സംസാരിക്കുമ്പോൾ തെളിഞ്ഞുവരുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS




