നിക്കരാഗ്വയിലെ ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പാപ്പ

ഒക്ടോബർ 12 തിങ്കളാഴ്ച, നിക്കരാഗ്വയിലെ എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രസിഡന്റും ജിനോട്ടേഗയിലെ ബിഷപ്പുമായ കർദിനാൾ കാർലോസ് ഹെരേര ഗുട്ടിയറസുമായി ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച നടത്തി. ഇത്തരം കൂടിക്കാഴ്ചകളിൽ സാധാരണയായി ചെയ്യാറുള്ളതുപോലെ കൂടുതൽ വിവരങ്ങൾ വത്തിക്കാൻ പ്രസ്സ് ഓഫീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ കൂടിക്കാഴ്ച നടന്നതായി സ്ഥിരീകരിച്ചു.

ബിഷപ്പ് ഹെരേരയുമായി ലെയോ പതിനാലാമൻ മാർപാപ്പ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ആദ്യത്തേത് 2025 ഓഗസ്റ്റ് 23 നായിരുന്നു. അന്ന് നിക്കരാഗ്വൻ പ്രെലേറ്റിനൊപ്പം മനാഗ്വയിലെ ഓക്സിലറി ബിഷപ്പായ ബിഷപ്പ് സിൽവിയോ ബെയ്സ്, സിയുനയിലെ ബിഷപ്പായ ബിഷപ്പ് ഇസിഡോറോ മോറ എന്നിവരും മാർപാപ്പയെ കണ്ടിരുന്നു.

ഓഗസ്റ്റിൽ നടന്ന ആ കൂടിക്കാഴ്ചയിൽ മതഗൽപയിലെ ബിഷപ്പും എസ്റ്റെലിയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ മോൺസിഞ്ഞോർ റൊളാണ്ടോ അൽവാരസ് പങ്കെടുത്തിരുന്നില്ല. 2024 ജനുവരിയിൽ റോമിലേക്ക് നാടുകടത്തപ്പെട്ട അദ്ദേഹത്തെ 2025 നവംബറിലാണ് പരിശുദ്ധ പിതാവ് സ്വീകരിച്ചത്. ഡാനിയൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും ഏകാധിപത്യ ഭരണകൂടം നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്‌ക്കെതിരെ നടത്തുന്ന ക്രൂരമായ പീഡനങ്ങൾ കാരണം ഈ നാല് ബിഷപ്പുമാരും നിലവിൽ നാടുകടത്തപ്പെട്ട് പ്രവാസത്തിലാണ്.

“സാൻഡിനിസ്റ്റ ഏകാധിപത്യം നാടുകടത്തിയ ബിഷപ്പുമാരിൽ ഒരാളാണ് മോൺസിഞ്ഞോർ ഹെരേര. നിക്കരാഗ്വയിലെ മതപീഡനത്തിന്റെ യഥാർഥ അവസ്ഥ മാർപാപ്പയെ ധരിപ്പിക്കാൻ ബിഷപ്പിന് ലഭിച്ച മികച്ചൊരു അവസരമാണിത്,” 2018 മുതൽ ഭരണകൂടം നടത്തിയ ആയിരക്കണക്കിന് ആക്രമണങ്ങൾ രേഖപ്പെടുത്തിയ ‘നിക്കരാഗ്വ: എ പെർസിക്യൂട്ടഡ് ചർച്ച്’ (Nicaragua: A Persecuted Church) എന്ന റിപ്പോർട്ടിന്റെ രചയിതാവും ഗവേഷകയുമായ മാർത്ത പട്രീഷ്യ മോളിന പറഞ്ഞു.

സിയുന രൂപതയിലെ വൈദിക വിദ്യാർഥിയായിരുന്ന അലെസ്റ്റർ ഡി ജീസസ് സാൻസ് സെന്റേനോയുടെ ഡീക്കൻപട്ട സ്വീകരണത്തിന് രണ്ട് ദിവസത്തിനു ശേഷമാണ് നിക്കരാഗ്വൻ ബിഷപ്പ് പരിശുദ്ധ പിതാവുമായി കൂടിക്കാഴ്ച നടത്തിയത്. മോൺസിഞ്ഞോർ റൊളാണ്ടോ അൽവാരസിനൊപ്പം 2024 ജനുവരിയിൽ റോമിലേക്ക് നാടുകടത്തപ്പെട്ട അതേ സംഘത്തിൽപെട്ടയാളാണ് സെന്റേനോ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.