വത്തിക്കാനിൽ ‘അദ്ഭുതങ്ങളുടെ നാഥന്റെ’ പ്രദക്ഷിണത്തെ സ്വീകരിച്ച് ലെയോ പാപ്പ

ഒക്ടോബർ മാസത്തിൽ പെറുവിലെ ജനങ്ങൾ ആഘോഷപൂർവം കൊണ്ടാടുന്ന ‘അദ്ഭുതങ്ങളുടെ നാഥന്റെ’ വാർഷിക പ്രദക്ഷിണം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ എത്തിച്ചേർന്നു. ആയിരക്കണക്കിന് വിശ്വാസികൾ തങ്ങളുടെ പരമ്പരാഗതമായ പർപ്പിൾ വസ്ത്രങ്ങൾ ധരിച്ചും ‘കറുത്ത ക്രിസ്തു’ (Black Christ) എന്നറിയപ്പെടുന്ന ക്രിസ്തുവിന്റെ രൂപവും വഹിച്ചുകൊണ്ട് നടന്ന പ്രദക്ഷിണത്തെ ലെയോ പതിനാലാമൻ മാർപാപ്പ സ്വീകരിച്ചു.

“റോമിലെ അദ്ഭുതങ്ങളുടെ നാഥന്റെ സാഹോദര്യ സംഘടനയിലെ (Brotherhood of the Lord of Miracles) അംഗങ്ങളെയും, ക്രൂശിതന്റെ രൂപവുമായുള്ള ഈ പ്രദക്ഷിണത്തിൽ പങ്കെടുത്ത എല്ലാവരെയും ഞാൻ അഭിവാദനം ചെയ്യുന്നു. വരാനിരിക്കുന്ന പെറു അപ്പസ്തോലിക സന്ദർശനത്തിനായി നിങ്ങൾ നൽകുന്ന പ്രാർഥനകൾക്ക് ഞാൻ നന്ദി പറയുന്നു”- നവംബർ 11-16 തീയതികളിൽ പെറുവിലേക്ക് നടത്താനിരിക്കുന്ന അപ്പസ്തോലിക സന്ദർശനത്തെ പരാമർശിച്ചുകൊണ്ട് പാപ്പ പറഞ്ഞു.

റോമിലെ ‘ബ്രദർഹുഡ് ഓഫ് ദ ലോർഡ് ഓഫ് മിറാക്കിൾസ്’ അറിയിച്ചതനുസരിച്ച്, പ്രാദേശിക സമയം രാവിലെ 8:00 മണിക്ക് സാൽ ജോവാനി ബാറ്റിസ്റ്റ ഡെയ് ഫിയോറെന്റിനി ബസിലിക്കയിൽ നിന്നാണ് പ്രദക്ഷിണം ആരംഭിച്ചത്. തുടർന്ന് അത് സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് എത്തിച്ചേർന്നു. ഉച്ചയ്ക്കുശേഷം, കല്ലോ രൂപതാ ബിഷപ്പ് മോൺസിഞ്ഞോർ ലൂയിസ് ആൽബർട്ടോ ബറേര പച്ചേക്കോയുടെ മുഖ്യകാർമ്മികത്വത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കറുത്ത ക്രിസ്തുവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയും അർപ്പിച്ചു.

പതിനാറാം നൂറ്റാണ്ടിൽ ലിമായിലെ പച്ചാകമില്ല (Pachacamilla) പ്രദേശത്ത് ആഫ്രിക്കൻ വംശജനായ ഒരു അടിമ കളിമൺ ഭിത്തിയിൽ വരച്ച ക്രൂശിതനായ ക്രിസ്തുവിന്റെ ചിത്രത്തിലൂടെയാണ് ഈ ഭക്തിപ്രസ്ഥാനം ആരംഭിക്കുന്നത്. ഈ ചിത്രം നിരവധി ഭൂകമ്പങ്ങളെ അദ്ഭുതകരമായി അതിജീവിച്ചതോടെ ഇത് പെറുവിലെയും ലോകത്തിലെ തന്നെയും ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായി മാറി.

അദ്ഭുതങ്ങളുടെ നാഥനോടുള്ള മാർപാപ്പയുടെ ഭക്തി

പെറുവിൽ വർഷങ്ങളോളം ജീവിക്കുകയും ചിക്ക്ലയോ രൂപതയുടെ ബിഷപ്പായി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള മാർപാപ്പയ്ക്ക് ‘കറുത്ത ക്രിസ്തുവിനോട്’ പ്രത്യേക ആത്മബന്ധമുണ്ട്. ഈ വർഷം മെയ് മാസത്തിന്റെ തുടക്കത്തിൽ, 2024 ഒക്ടോബറിലെ അദ്ഭുതങ്ങളുടെ നാഥന്റെ പ്രദക്ഷിണത്തിൽ അന്നത്തെ കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് (ഇപ്പോഴത്തെ മാർപാപ്പ) പങ്കെടുത്ത കാര്യം ബ്രദർഹുഡ് അനുസ്മരിച്ചിരുന്നു. അന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് കാർമ്മികത്വം വഹിച്ച അദ്ദേഹം, പെറുവിലെ കർദിനാൾ പെഡ്രോ ബാരെറ്റോയ്‌ക്കൊപ്പം കറുത്ത ക്രിസ്തുവിന്റെ പീഠവും വഹിച്ചിരുന്നു.

ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് പദവി ഏറ്റെടുക്കുന്നതിനായി 2023-ൽ ചിക്ക്ലയോയിൽ നിന്ന് റോമിലേക്ക് പോകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, അദ്ദേഹം അദ്ഭുതങ്ങളുടെ നാഥന്റെ ഒരു ചിത്രം തന്നോടൊപ്പം കൊണ്ടുപോയെന്നും അത് പിന്നീട് അപ്പസ്തോലിക പാലസിലെ തന്റെ ഓഫീസിൽ സ്ഥാപിച്ചു എന്നും ചിക്ക്ലയോയിലെ ‘ബ്രദർഹുഡ് ഓഫ് ദ ലോർഡ് ഓഫ് മിറാക്കിൾസി’ന്റെ പ്രസിഡന്റായ ജോസ് ആന്റോണിയോ സാറ വില്ലലോബോസ് പെറുവിലെ മാധ്യമങ്ങളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.