മിഡ് വൈഫ് ജീവന്റെ സംഗീതമെന്ന് ഫ്രാൻസിസ് പാപ്പ

ജനനനിരക്ക് അപകടകരമാംവിധം കുറയുന്ന ഈ കാലത്ത്, മിഡ് വൈഫ് ആകാനുള്ള വിളി ‘ജീവന്റെ സംഗീതമാണ് ‘- ഫ്രാൻസിസ് പാപ്പ. ഇറ്റലിയിലെ കലാബ്രിയയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെയും ഗൈനക്കോളജിസ്റ്റുകളുടെയും മിഡ് വൈഫ്സിന്റെയും സംഘത്തെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പാപ്പ. ഫെബുവരി ആറാം തിയതി കാസാ സാന്റാ മാർത്തായിലാണ് ഈ കൂടിക്കാഴ്ച നടന്നത്.

“നിങ്ങളുടെ ജോലി വിസ്മയകരവും ഒരു ദൈവിളിയുമാണ്. അത് ജീവന്റെ സ്തോത്രഗീതമാണ് പ്രത്യേകിച്ച് ഇത്തരമൊരു കാലഘട്ടത്തിൽ”- മിഡ് വൈഫ്സിനെയും ഡോക്ടേഴ്സിനെയും അഭിസംബോധന ചെയ്തുകൊണ്ടാരംഭിച്ച പ്രസംഗത്തിൽ പാപ്പ ഓർമ്മിപ്പിച്ചു..

അമ്മയും അപ്പനുമാകാനുള്ള, ഇറ്റലിയിലെയും മറ്റു രാജ്യങ്ങളിലെയും ജനങ്ങളുടെ വിമുഖതയെ പാപ്പ വിമർശിച്ചു. “സന്തോഷത്തിന്റെയും ക്രിയാത്മകതയുടെയും പുതിയ ചക്രവാളങ്ങൾ തുറക്കാനുള്ള അവസരമായി ഇതിനെ കാണാതെ, അതൊരു ഭാരമായിട്ടാണ് എല്ലാവരും കാണുന്നത്” – പാപ്പ പറഞ്ഞു.

അവരുടെ ജീവിതത്തിന്റെയും നിയോഗത്തിന്റെയും വിജയത്തിനായി മൂന്നു കാര്യങ്ങൾ പാപ്പ പങ്കുവച്ചു: പ്രൊഫഷണലിസം, ഹ്യുമൻ സെൻസിറ്റിവിറ്റി, പ്രാർഥന

“നിരന്തരമുള്ള നൈപുണ്യ വികസനം ജോലിയിലുള്ള ധാർമ്മികതയുടെ മാത്രം ഭാഗമല്ല, അത്മായ വിശുദ്ധിയുടെ പാതയുമാണ്” – പ്രൊഫഷണലിസത്തെ പാപ്പ വിശദീകരിച്ചു.

ഒരു കുഞ്ഞു പിറക്കുന്നസമയം അമ്മ വളരെ ദുർബലമായ അവസ്ഥയിലാണ്. ആ സമയത്ത് അവരോട് വളരെ സെൻസിറ്റീവായി പെരുമാറേണ്ടതുണ്ട്. സെൻസിറ്റിവിറ്റിയുള്ളവർക്ക് ഈ ജോലി നന്നായി ചെയ്യാൻ കഴിയും.

ഒരു രഹസ്യ മരുന്നാണ് പ്രാർഥന എന്നു നിർവചിച്ച പാപ്പ, ‘ആത്മാവിനെ സുഖപ്പെടുത്തുന്ന മരുന്നാണത്’ എന്നു ഓർമ്മിപ്പിച്ചു. ദൈവം തങ്ങളുടെ മുമ്പിൽ കൊണ്ടെത്തിക്കുന്ന മാതാപിതാക്കൾക്കും കുട്ടികൾക്കുംവേണ്ടി നിരന്തരം പ്രാർഥിക്കണമെന്നും പാപ്പ അവരോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.