
രോഗാനുഭവം നമ്മെ, ദൈവത്തിന്റെ ശൈലിയായ സാമീപ്യം, അനുകമ്പ, ആർദ്രത എന്നിവയനുസരിച്ച് മാനവികവും ക്രൈസ്തവികവുമായ ഐക്യദാർഢ്യം ജീവിക്കാൻ പഠിപ്പിക്കുന്നു എന്ന് മാർപാപ്പാ. രോഗവും സഹനവും, വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ ബാധിക്കുന്ന വിഷയമാണെന്നും പാപ്പാ വിശദീകരിച്ചു. പൊന്തിഫിക്കൽ ബൈബിൾ സമിതിയുടെ സമ്പൂർണ്ണ സമ്മേളനത്തിൽ പങ്കെടുക്കുന്നവരടങ്ങിയ ഇരുപതിലേറെപ്പേരെ വത്തിക്കാനിൽ സ്വീകരിച്ചുകൊണ്ട് നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം മുന്നറിയിപ്പ് നൽകിയത്.
‘രോഗവും സഹനവും ബൈബിളിൽ’ എന്ന പ്രമേയം ബൈബിൾ സമിതി വിചിന്തനത്തിനായി സ്വീകരിച്ചത് സന്ദേശത്തിൽ അനുസ്മരിച്ച പാപ്പാ, പാപത്താൽ മുറിവേറ്റ മനുഷ്യപ്രകൃതി, അതിൽത്തന്നെ ആലേഖിതമായ പരിമിതിയുടെയും ബലഹീനതയുടെയും മൃത്യുവിന്റേതുമായ യാഥാർത്ഥ്യം പേറുന്നുവെന്ന് ഉദ്ബോധിപ്പിക്കുന്നു. രോഗവും പരിമിതിയും ആധുനിക ചിന്താധാരയിൽ പലപ്പോഴും കണക്കാക്കപ്പെടുന്നത് എന്തു വിലകൊടുത്തും കുറക്കുകയും ചെറുക്കുകയും ഇല്ലാതാക്കുകയും ചെയ്യേണ്ടതായ ഒരു ഹാനി ആയിട്ടാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.
അവയുടെ ധാർമ്മികവും അസ്തിത്വപരവുമായ പ്രത്യാഘാതങ്ങളെ നാം ഭയപ്പെടുന്നതിനാലാവാം അവയുടെ അർത്ഥത്തെക്കുറിച്ച് ചോദ്യമുന്നയിക്കാൻ നാം ആഗ്രഹിക്കാത്തതെന്നു പറഞ്ഞ പാപ്പാ, എന്നിരുന്നാലും ഈ ‘എന്തുകൊണ്ട്’ എന്ന അന്വേഷണത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും കൂട്ടിച്ചേർത്തു.
വേദനയുടെ അനുഭവത്തിനു മുന്നിൽ വിശ്വാസിയും ചിലപ്പോൾ പതറിപ്പോകുമെന്നും അത് ഭയപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണെന്നും അതിന്റെ കടന്നുകയറ്റവും ആക്രണവും മനുഷ്യനെ പരിഭ്രാന്തനാക്കുകയും അവന്റെ വിശ്വാസത്തെ തകർക്കുകയും ചെയ്യുന്ന അപകടമുണ്ടെന്നും പാപ്പാ പറയുന്നു. അതിനാൽ, രോഗത്തെയും മരണത്തെയും കുറിച്ചുള്ള ചോദ്യത്തിന് നിസ്സാരവും സാങ്കല്പികവുമായ ഉത്തരം വേദപുസ്തകം നല്കുന്നില്ല എന്ന് പാപ്പാ വ്യക്തമാക്കുന്നു.




