‘നിങ്ങൾ തനിച്ചല്ല’: ക്രിമിനൽ സംഘടനകളിൽനിന്ന് മോചിതരായ സ്ത്രീകളോട് ഫ്രാൻസിസ് മാർപാപ്പ

ഇറ്റലിയിലെ ക്രിമിനൽ സംഘടനകളിൽനിന്ന് രക്ഷപെട്ട ഒരുകൂട്ടം സ്ത്രീകളോട് ‘നിങ്ങൾ തനിച്ചല്ല’ എന്ന് ഉറപ്പുനൽകി ഫ്രാൻസിസ് മാർപാപ്പ. ഒക്ടോബർ 30 -ന് വത്തിക്കാനിൽവച്ചു നടന്ന കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇപ്രകാരം പങ്കുവച്ചത്.

“പ്രിയപ്പെട്ട സ്ത്രീകളേ, ക്രിമിനൽ കുറ്റകൃത്യങ്ങളാൽ ദുഷിച്ച സന്ദർഭങ്ങളിലാണ് നിങ്ങൾ ജനിച്ചതും വളർന്നതുമെങ്കിലും, അതിൽനിന്നു പുറത്തുവരാൻ നിങ്ങൾ തീരുമാനിച്ചത് വലിയ കാര്യമാണ്. നിങ്ങളുടെ ഈ തിരഞ്ഞെടുപ്പിനെ ഞാൻ അനുഗ്രഹിക്കുന്നു. മുന്നോട്ടുപോകാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഭയത്തിന്റെയും പരിഭ്രാന്തിയുടെയും നിമിഷങ്ങൾ നിങ്ങൾ നേരിടേണ്ടതുണ്ടെന്ന് എനിക്കറിയാം. അത് സാധാരണമാണ്. ആ സമയങ്ങളിൽ നിങ്ങളുടെ അരികിലൂടെ നടക്കുന്ന കർത്താവായ യേശുവിനെക്കുറിച്ചു ചിന്തിക്കുക. നിങ്ങൾ ഒറ്റയ്ക്കല്ല; പൊരുതികൊണ്ടിരിക്കുക” – മാർപാപ്പ പങ്കുവച്ചു. ഇറ്റലിയിലെ ക്രിമിനൽ സംഘടനകളിൽനിന്ന് രക്ഷപെടുന്നവരെ അനുഗമിക്കുന്ന ഫാ. ലൂയിജി സിയോട്ടിയും അവരോടൊപ്പം ഉണ്ടായിരുന്നു.

ക്രിസ്തുവിന്റെ ശിഷ്യസമൂഹത്തിലും സ്ത്രീകൾ ഉണ്ടായിരുന്നുവെന്നും അവർക്കും തിന്മകളുടെ സ്വാധീനമുള്ള ഒരു ഭൂതകാലമുണ്ടായിരുന്നുവെങ്കിലും ക്രിസ്തു അവരെ സുഖപ്പെടുത്തിയെന്നും മാർപാപ്പ ഓർമ്മപ്പെടുത്തി. നിങ്ങൾ പോകുന്നിടത്തെല്ലാം ബൈബിൾ കൊണ്ടുപോകണമെന്നും ദിവസവും അതിൽനിന്ന് ഒരു ഭാഗം നിശ്ശബ്ദമായി വായിക്കണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.