ഈസ്റ്റർ ദിനത്തിൽ ‘ഉർബി ഏത്‌ ഓർബി’ അനുഗ്രഹം നൽകി ഫ്രാൻസിസ് പാപ്പ

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ തടിച്ചുകൂടിയ 35,000 ത്തിലധികം തീർഥാടകർക്ക് ഈസ്റ്റർ ദിനത്തിൽ ‘ഉർബി ഏത്‌ ഓർബി’ അനുഗ്രഹം നൽകി ഫ്രാൻസിസ് മാർപാപ്പ. ന്യൂമോണിയ ബാധിതനായി ആശുപത്രിയിലായിരുന്ന പാപ്പ, വീൽചെയറിൽ പ്രത്യക്ഷപ്പെടുകയും ഏവർക്കും ഈസ്റ്റർ ആശംസകൾ നേരുകയും ചെയ്തു. വിശ്വാസികളെ ഹ്രസ്വമായി അഭിവാദ്യം ചെയ്ത പാപ്പയുടെ ആരോഗ്യപ്രശ്നങ്ങൾ കാരണം, പൊന്തിഫിക്കൽ ചടങ്ങുകളുടെ മാസ്റ്റർ മോൺസിഞ്ഞോർ ഡീഗോ റാവെല്ലി പാപ്പയെ പ്രതിനിധീകരിച്ച് ഈസ്റ്റർ സന്ദേശം വായിച്ചു.

സംഘർഷങ്ങളും അക്രമങ്ങളും പാർശ്വവൽക്കരണവും കൊണ്ടു വലയുന്ന ലോകത്ത് പ്രത്യാശയുടെയും സമാധാനത്തിന്റെയും പ്രാധാന്യം ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. നിരപരാധികളായ പൗരന്മാർ, സ്ത്രീകൾ, കുട്ടികൾ, കുടിയേറ്റക്കാർ എന്നിവരുടെ കഷ്ടപ്പാടുകളിൽ അദ്ദേഹം വിലപിക്കുകയും ഭയത്തിനും ഒറ്റപ്പെടലിനും പകരം മാനവികതയ്ക്ക് മുൻഗണന നൽകണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. “മനുഷ്യത്വത്തിന്റെ പ്രധാന അച്ചുതണ്ട് എന്ന തത്വം ഒരിക്കലും പരാജയപ്പെടാതിരിക്കട്ടെ” – അദ്ദേഹം പറഞ്ഞു. ക്രൂരതയുടെയും സംഘർഷത്തിന്റെയും മുഖത്തുപോലും ഓരോ മനുഷ്യന്റെയും അന്തസ്സും ആത്മാവും നാം തിരിച്ചറിയണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഹോളി ലാൻഡ്, ഉക്രൈൻ, യെമൻ, ലെബനൻ, സിറിയ എന്നിവയുൾപ്പെടെ വിവിധ സംഘർഷ മേഖലകളിൽ സമാധാനത്തിനായി മാർപാപ്പ പ്രത്യേകം ആഹ്വാനം ചെയ്തു. യഹൂദവിരുദ്ധത വർധിച്ചുവരുന്നതിൽ അദ്ദേഹം അപലപിക്കുകയും ഗാസയിലെ ശത്രുത ഉടൻ അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പലസ്തീനിലെയും ഇസ്രായേലിലെയും ക്രിസ്ത്യാനികളുടെ കഷ്ടപ്പാടുകളോടുള്ള അടുപ്പം പ്രകടിപ്പിച്ചുകൊണ്ട് മിഡിൽ ഈസ്റ്റിലെ ക്രൈസ്തവസമൂഹങ്ങൾക്കു വേണ്ടിയും അദ്ദേഹം പ്രാർഥിച്ചു.

തന്റെ ഈസ്റ്റർ സന്ദേശത്തിലൂടെ, കഷ്ടപ്പാടുകളും അനീതിയും നിറഞ്ഞ ലോകത്ത് ക്രിസ്തീയമൂല്യങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഫ്രാൻസിസ് മാർപാപ്പ ആവർത്തിക്കുകയും ആഗോളസമാധാനത്തിനും സാഹോദര്യത്തിനും ഐക്യദാർഢ്യത്തിനും ആഹ്വാനം ചെയ്യുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.