ഇസ്താംബൂളിലെ സ്ഫോടനം: അനുശോചനം അറിയിച്ച് മാർപാപ്പ

തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന ബോംബാക്രമണത്തിൽ ഇരകളായവർക്കു വേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. നവംബർ 15- ന് വത്തിക്കാൻ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് പാപ്പാ അനുശോചനം രേഖപ്പെടുത്തിയത്.

“സാഹോദര്യം, നീതി, സമാധാനം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള തുർക്കിയിലെ ജനങ്ങളുടെ ശ്രമങ്ങളെ ഒരു അക്രമപ്രവർത്തനങ്ങളും വഴി നിരുത്സാഹപ്പെടുത്തരുതെന്ന് മാർപാപ്പ പ്രാർത്ഥിക്കുന്നു” – സന്ദേശത്തിൽ പറയുന്നു. തുർക്കിയിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ചുബിഷപ്പ് മാരേക് സോൾസിൻസ്‌കിയെ അഭിസംബോധന ചെയ്ത് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഒപ്പിട്ടതാണ് വത്തിക്കാൻ പ്രസിദ്ധീകരിച്ച ഈ സന്ദേശം.

നവംബർ 13- ന് പ്രശസ്തമായ ഷോപ്പിംഗ് സ്ട്രീറ്റായ ഇസ്താംബൂളിലെ ഇസ്തിക്‌ലാൽ അവന്യൂവിലുണ്ടായ സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 80 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരിൽ ഒൻപതും പതിനഞ്ചും വയസുള്ള രണ്ട് പെൺകുട്ടികളും ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.