
ശക്തമായ രണ്ട് ഭൂകമ്പങ്ങൾ മൂലം ദുരിതത്തിലായ വെനസ്വേലയ്ക്ക് അടിയന്തര മാനുഷിക ധനസഹായവുമായി പൊന്തിഫിക്കൽ സംഘടനയായ ‘എയിഡ് ടു ദി ചർച്ച് ഇൻ നീഡ്’. ദുരിതബാധിതർക്ക് അടിയന്തര ആശ്വാസമെത്തിക്കുന്നതിനായി ഒരു ലക്ഷം യൂറോ (ഏകദേശം $114,000 ഡോളർ) ആണ് സഹായത്തിന്റെ ആദ്യ ഭാഗമായി കൈമാറിയത്.
ജൂൺ 24-ന് വൈകിട്ടോടെ വെനസ്വേലയിലുണ്ടായ റിക്ടർ സ്കെയിലിൽ 7.2-ഉം 7.5-ഉം തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങൾ രാജ്യത്ത് വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്. വെനസ്വേലൻ ജനതയോടുള്ള കത്തോലിക്കാ സഭയുടെയും വത്തിക്കാന്റെയും ആത്മീയവും ഭൗതികവുമായ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർപാപ്പയും ആദ്യഘട്ട ധനസഹായം പ്രഖ്യാപിച്ചിരുന്നു. വെനസ്വേലയിലെ വത്തിക്കാൻ പ്രതിനിധിയായ ആർച്ച് ബിഷപ്പ് ആൽബർട്ടോ ഒർട്ടേഗ മാർട്ടിൻ, കാരക്കാസ് ആർച്ച് ബിഷപ്പ് റൗൾ ബിയോർഡ് കാസ്റ്റിലോ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തുക നിശ്ചയിച്ചത്.
ദുരന്തം നടന്ന നിമിഷം മുതൽ കത്തോലിക്കാ സഭയും മറ്റ് അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും രക്ഷാപ്രവർത്തന രംഗത്തുണ്ട്. പൊന്തിഫിക്കൽ ഫൗണ്ടേഷനായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ‘കാരിത്താസ് ഇന്റർനാഷണലിസ്’ എന്ന ആഗോള ജീവകാരുണ്യ സംഘടന ഒരു ലക്ഷം യൂറോ അടിയന്തര ദുരിതാശ്വാസത്തിനായി മാറ്റിവെക്കുകയും 30,000-ത്തോളം സന്നദ്ധപ്രവർത്തകരെ സഹായങ്ങൾ വിതരണം ചെയ്യാൻ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.




