പോളണ്ടിൽ, യൂറോപ്പിലെ ഏറ്റവും വലിയ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം അനാച്ഛാദനം ചെയ്തു

ഓഗസ്റ്റ് 15-ന് മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ദിനത്തിൽ, പോളണ്ടിലെ കത്തോലിക്കാ സഭ യൂറോപ്പിലെ ഏറ്റവും വലിയ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം അനാച്ഛാദനം ചെയ്തു. വ്ലോക്ലാവെക് (Włocławek) ബിഷപ്പ് മോൺസിഞ്ഞോർ ക്രിസ്റ്റോഫ് വെന്റ്കോവ്സ്കിയുടെ (Krzysztof Wętkowski) മുഖ്യകാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടനുബന്ധിച്ചായിരുന്നു ചടങ്ങ്.

പോളണ്ടിലെ കൊനോടോപ്പി ഗ്രാമത്തിന് സമീപമാണ് ഈ കൂറ്റൻ രൂപം സ്ഥിതിചെയ്യുന്നത്. മാതാവിന്റെ രൂപവും പീഠവും അടക്കം ആകെ 55.6 മീറ്റർ (ഏകദേശം 182 അടി) ഉയരമാണ് ഉള്ളത് . കിരീടത്തിന്റെ ആകൃതിയിലുള്ള അടിത്തറയ്ക്ക് 15 മീറ്ററും മറിയത്തിന്റെ രൂപത്തിന് 40.8 മീറ്ററുമാണ് ഉയരം. ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള പ്രശസ്തമായ ‘ക്രിസ്തുവിന്റെ രൂപ’ത്തെക്കാൾ ഉയരമുള്ളതാണ് ഇത്. ​

പോളണ്ടിലെ പ്രമുഖ ശതകോടീശ്വരനായ റോമൻ കർകോസിക്കും ഭാര്യയും ചേർന്നാണ് സ്വന്തം വിശ്വാസപ്രഖ്യാപനമായി ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഏകദേശം 23 ദശലക്ഷം യൂറോയാണ് ഇതിന്റെ കണക്കാക്കപ്പെടുന്ന നിർമ്മാണച്ചെലവ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.