ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ആഗസ്റ്റ് 16

പ്രശസ്ത സ്പോർട്സ് മാസികയായ സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് പ്രസിദ്ധീകരണം ആരംഭിച്ചത് 1954 ആഗസ്റ്റ് 16 നായിരുന്നു. ടൈം മാഗസിന്റെ സ്രഷ്ടാവായ ഹെൻറി ലൂസ് തന്നെയായിരുന്നു ഈ മാസികയുടെയും പ്രസാധകർ. അമേരിക്കയിലാണ് പ്രസിദ്ധീകരണം ആരംഭിച്ചത്. വാർത്തകൾ തിരഞ്ഞെടുക്കുന്നതിലെയും റിപ്പോർട്ടിംഗിലെയും അപാകതകൾ മൂലം ആദ്യകാലങ്ങളിൽ മാസിക പ്രതിസന്ധികൾ നേരിട്ടിരുന്നു. 1960 ൽ ആ്രേന്ദ ലഗുവേരെ മാനേജിംഗ് എഡിറ്റർ ആയതോടെയാണ് സ്പോർട് ഇല്ലസ്ട്രേറ്റഡ് അതിന്റെ പ്രതാപകാലത്തിലേക്കു പ്രവേശിച്ചത്. 1990 ൽ ടൈംസ് ഗ്രൂപ്പും വാർണർ കമ്മ്യൂണിക്കേഷൻസും ഒന്നിച്ചപ്പോൾ മാസിക ടൈം വാർണറുടെ കീഴിലായി.

സ്വാതന്ത്ര്യലബ്ധിക്ക് ഒരുവർഷം മുമ്പ് മതാധിഷ്ഠിത സ്വതന്ത്രരാഷ്ട്രം എന്ന ആവശ്യം ഉന്നയിച്ച് മുസ്ലീം ലീഗ് പ്രത്യക്ഷ സമര ദിനം ആചരിച്ചത് 1946 ആഗസ്റ്റ് 16 നായിരുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ സ്വതന്ത്രരാഷ്ട്രങ്ങളാക്കി രൂപീകരിക്കണമെന്ന ആവശ്യയമായിരുന്നു സമരത്തിനു പിന്നിൽ. ഇന്ത്യയ്ക്ക് അധികാരം നൽകാനായി ബ്രിട്ടൻ രൂപീകരിച്ച ക്യാബിനറ്റ് മിഷൻ പ്ലാൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസും മുസ്ലീം ലീഗുമായി അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 16 നു പ്രഖ്യാപിച്ച ഹർത്താൽ അക്രമാസക്തമാകുകയും അതേത്തുടർന്ന് കൽക്കട്ടയിൽ വർഗീയകലാപമുണ്ടാവുകയും നിരവധി ആളുകൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു.

ഉഗാണ്ടയിലെ കുപ്രസിദ്ധനായ ഏകാധിപതി ഈദി അമീൻ അന്തരിച്ചത് 2003 ആഗസ്റ്റ് 16 നായിരുന്നു. എട്ടുവർഷക്കാലം ഉഗാണ്ടയുടെ ഏകാധിപതിയായി വാണ ഇദി അമീൻ കൊലപാതകവാസനയ്ക്കും ദുഷ്ചെയ്തികൾക്കും കുപ്രസിദ്ധനായിരുന്നു. 1971 ജനവരി 25 നാണ് ഹെവി വെയ്റ്റ് ബോക്സിംഗ് ചാമ്പ്യനും ബ്രിട്ടീഷ് ആർമിയിൽ സൈനികനുമായിരുന്ന ഇദി അമീൻ ഉഗാണ്ടയുടെ അധികാരം പിടിച്ചെടുക്കുന്നത്. പ്രസിഡന്റായിരുന്ന മിൽടൺ ഒബോട്ടെയെ അധികാരത്തിൽ നിന്നു പുറത്താക്കിയാണ് ഇദി അമീൻ ഏകാധിപതിയായത്. 1971 മുതൽ 1979 വരെയുള്ള ഇദി അമീന്റെ ആധിപത്യകാലത്ത് ഉഗാണ്ടയിലെ അഞ്ചുലക്ഷത്തോളം പേർ കൊലചെയ്യപ്പെട്ടെന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.