ന്യൂയോർക്ക് സിറ്റിയിലെ യഹൂദന്മാരെ കൊല്ലാൻ ഗൂഢാലോചന: പാക്ക് പൗരൻ അറസ്റ്റിൽ

ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ വാർഷികത്തിൽ ന്യൂയോർക്ക് നഗരത്തിലെ ജൂതസമൂഹത്തിനുനേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട പാക്കിസ്ഥാൻ പൗരൻ പിടിയിൽ. കാനഡയിൽ താമസിക്കുന്ന പാക്ക് സ്വദേശിയും ഇരുപതുകാരനുമായ മുഹമ്മദ് ഷാസെബ് ഖാനെ ആണ് ബുധനാഴ്ച, റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇസ്രായേലിൽ 1,200-ലധികം ആളുകൾ കൊല്ലപ്പെട്ട ഹമാസിന്റെ ആക്രമണത്തിന്റെ ഒന്നാം വാർഷികദിനത്തിൽ, ബ്രൂക്ലിനിലെ ഒരു ജൂതകേന്ദ്രത്തിൽ കൂട്ടവെടിവയ്പ്പ് നടത്താനായിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നത്. ‘കഴിയുന്നത്ര ജൂതന്മാരെ’ കൊല്ലാൻ ഷാസെബ് ജാദൂൻ എന്നപേരിൽ അറിയപ്പെടുന്ന ഖാൻ ലക്ഷ്യമിട്ടിരുന്നുവെന്നും അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് വെളിപ്പെടുത്തി.

കാനഡയിൽനിന്ന് അമേരിക്കയിലേക്കുപോകാൻ ഖാൻ ശ്രമിച്ചുവെന്നും അവിടെ ആക്രമണം നടത്താൻ ഓട്ടോമാറ്റിക്, സെമി-ഓട്ടോമാറ്റിക് ആയുധങ്ങൾ ഉപയോഗിക്കാനാണ് ഉദ്ദേശിച്ചതെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. മോൺട്രിയലിന് തെക്ക് ക്യൂബെക്കിലെ ഓർംസ്റ്റൗണിൽവച്ച് അറസ്റ്റുചെയ്യപ്പെട്ട ഇയാളെ സെപ്തംബർ 13-ന് മോൺട്രിയലിലെ കോടതിയിൽ ഹാജരാക്കും.

യു. എസ്. അതിർത്തിയിൽനിന്ന് 12 മൈൽ (19 കിലോമീറ്റർ) അകലെ കാനഡയിൽവച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ ഏറ്റവും വലിയ ജൂതജനസംഖ്യയുള്ള ന്യൂയോർക്ക് സിറ്റിയാണ് ഖാൻ ആക്രമണത്തിനായി തിരഞ്ഞെടുത്തത്. ആക്രമണം നടത്താൻ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളുടെ ഒരു സംഘത്തെ സൃഷ്ടിക്കാൻ ഖാൻ ശ്രമിച്ചിരുന്നു. ഒപ്പം ആക്രമണം നടത്താനുള്ള എ. ആർ. സ്റ്റൈൽ റൈഫിളുകളും വെടിക്കോപ്പുകളും മറ്റു സാമഗ്രികളും സംഘടിപ്പിക്കാനും ആക്രമണത്തിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താനും ഖാൻ തീവ്രവാദി അനുഭാവികളായവരോടു പറഞ്ഞിരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.