മതനിന്ദാ ആരോപണത്തെ തുടർന്ന് പാക്കിസ്ഥാൻ ക്രൈസ്തവന് വധശിക്ഷ വിധിച്ചു

പാക്കിസ്ഥാനിൽ മതനിന്ദാ ആരോപണത്തെ തുടർന്ന് പാസ്റ്റർ സഫർ ഭട്ടിക്ക് വധശിക്ഷ വിധിച്ചു. 2012 ജൂലൈ 22 മുതൽ, 57 -കാരനായ സഫർ ഭാട്ടി റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. മതനിന്ദാ കുറ്റത്തിന് ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടക്കുന്ന പാക്കിസ്ഥാൻ തടവുകാരനാണ് ഇദ്ദേഹം.

വധശിക്ഷക്കു വിധിക്കപ്പെട്ട സംഭവം ഫിൻലൻഡും യൂറോപ്യൻ യൂണിയനും അപലപിച്ചു. മതനിന്ദാ ആരോപണത്തെ തുടർന്ന് പത്തു വർഷങ്ങളായി അദ്ദേഹം ജയിലിൽ കഴിയുകയായിരുന്നു. ‘ഈ ശിക്ഷ യഥാർത്ഥത്തിൽ ന്യായീകരിക്കപ്പെടുന്നുണ്ടോ’ എന്ന് ഫിൻലൻഡ് പാർലമെന്റിന്റെ വിദേശകാര്യ സമിതി അദ്ധ്യക്ഷ മൈക്ക നിക്കോ, കത്തിലൂടെ ചോദിക്കുന്നു. എല്ലാവർക്കും അവരവരുടെ മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നും അവർ പറഞ്ഞു.

ദരിദ്രർക്കുള്ള സഹായത്തിനായി ‘ജീസസ് വേൾഡ് മിഷൻ’ എന്ന പേരിൽ ഒരു ചെറിയ പ്രാദേശിക എൻ.ജി.ഒ സ്ഥാപിച്ച ഭട്ടി, തന്റെ പേരിൽ ഇല്ലാത്ത ഒരു സെൽ ഫോണിൽ നിന്ന് മതനിന്ദാ സന്ദേശങ്ങൾ അയച്ചുവെന്ന സംശയത്തെ തുടർന്നാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 2017 -ൽ പാക്കിസ്ഥാൻ പീനൽ കോഡിന്റെ ആർട്ടിക്കിൾ 295-സി പ്രകാരം ജീവപര്യന്തം തടവിന് സഫർ ശിക്ഷിക്കപ്പെട്ടു. ജയിലിൽ കടുത്ത അക്രമങ്ങളാണ് അദ്ദേഹത്തിനു നേരിടേണ്ടിവന്നത്. സഫറിന്റെ ശിക്ഷ പുനഃപരിശോധിക്കുന്നതിനായി ഡിസംബർ 16 -ന് നടന്ന ഹിയറിംഗിൽ അഭിഭാഷകനായ നസീബ് അഞ്ജും ആരോപണങ്ങളോട് നിരവധി എതിർപ്പുകൾ ഉന്നയിച്ചെങ്കിലും റാവൽപിണ്ടിയിലെ ജഡ്ജി സഫറിന് വധശിക്ഷ വിധിക്കുകയായിരുന്നു.

“അദ്ദേഹത്തിന്റെ മോചനത്തിന് ഇസ്ളാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ അദ്ദേഹത്തിന് കടുത്ത പ്രേരണയുണ്ടായിരുന്നു. എന്നാൽ സഫർ തന്റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നു” – ഭാര്യ നവാബ് ബീബി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.