നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി

ആഫ്രിക്കൻ നാടായ നൈജീരിയയിൽ ഒരു കത്തോലിക്കാ വൈദികനെകൂടി തട്ടിക്കൊണ്ടു പോയി. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം താരബ സംസ്ഥാനത്തിൽ വി. അന്നയുടെ നാമത്തിലുള്ള ഇടവകയിൽവച്ച് തദേവൂസ് താർഹെമ്പെ എന്ന വൈദികനെയാണ് സായുധരായ ആക്രമികൾ ഏതാനും ഇടവകാംഗംങ്ങളുടെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയത്.

ധനസമ്പാദനമാർഗമായിട്ടാണ് നൈജീരിയയിൽ തട്ടിക്കൊണ്ടുപോകലുകൾ നടക്കുന്നത്. വൈദികർക്കുപുറമെ സാധാരണ പൗരന്മാരും ബന്ദികളാക്കപ്പെടുന്നുണ്ട്. അടുത്തിടെ ആയി വൈദികർക്കും മിഷനറിമാർക്കുംനേരെയുള്ള ആക്രമണം വർധിച്ചുവരികയാണ്. മോഷണം ലക്ഷ്യംവച്ച് വൈദികരുടെ വസതികൾ ആക്രമിക്കുകയും ആക്രമണത്തിനിടയിൽ വൈദികർ കൊല്ലപ്പെടുകയും ചെയ്യുന്നതുമായ സംഭവങ്ങൾ നിരവധിയാണ്.

ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തുൽ വൈദികർക്കും മിഷനറിമാർക്കും സംരക്ഷണം നൽകണമെന്ന ആവശ്യം ഉയർന്നുവെങ്കിലും, ഈ ആവശ്യത്തെ അവഗണിക്കുന്ന മനോഭാവമാണ് ഭരണകൂടങ്ങൾ പുലർത്തുന്നത്. തീവ്രവാദികളുടെയും മറ്റ് അക്രമിസംഘങ്ങളുടെയും ആക്രമണത്തെ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.