നിക്കരാഗ്വയിൽ കത്തോലിക്കാ സ്കൂൾ പിടിച്ചെടുക്കാനും മൂന്ന് സന്യാസിനിമാരെ പുറത്താക്കാനും പദ്ധതി

നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം ഒരു കത്തോലിക്കാ സ്കൂൾ പിടിച്ചെടുത്തു. കൂടാതെ, സ്‌കൂൾ നടത്തിക്കൊണ്ടിരിക്കുന്ന സന്യാസിനീ സമൂഹത്തിലെ, വിദേശത്തു നിന്നുള്ള മൂന്ന് സന്യാസിനിമാരെ പുറത്താക്കാനും ഭരണകൂടം ഒരുങ്ങുകയാണ്. നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്കാ സഭയ്‌ക്കെതിരെ നടത്തുന്ന അധിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

പ്രാദേശിക മാധ്യമമായ മൊസൈക്കോ പറയുന്നതനുസരിച്ച്, സാൻ സെബാസ്റ്റ്യൻ ഡി യാലി മുനിസിപ്പാലിറ്റിയിലെ ജിനോടെഗ ഡിപ്പാർട്ട്‌മെന്റിലെ ഏക സെക്കൻഡറി സ്കൂളായ സാന്താ ലൂയിസ ഡി മറിലാക്ക് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗകര്യങ്ങൾ ഭരണകൂടത്തിന്റെ പോലീസ് പിടിച്ചെടുത്തു. നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം 1992-ൽ സ്ഥാപിതമായ വി. ലൂയിസ് ഡി മറിലാക്കിന്റെ പുത്രിമാരുടെ സഭയാണ് നിയന്ത്രിക്കുന്നത്.

നിക്കരാഗ്വൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, സ്‌കൂളിന്റെ ഡോക്യുമെന്റേഷൻ പരിശോധിക്കണമെന്നാണ് അധികൃതരുടെ വാദം. “പ്രായമായ, അന്ധയായ ഒരു സ്ത്രീ ഉൾപ്പെടെ ഏകദേശം ആറോളം സന്യാസിനിമാർ ഇവിടെയുണ്ട്. ഇവർ ദരിദ്രർക്ക് വളരെ പിന്തുണ നല്കുന്നവരായിരുന്നു. ആരുമായും അവർക്ക് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. കാരണം അവർ ദൈവത്തോട് വളരെ ചേർന്നുനിൽക്കുന്നവരാണ്” – പ്രദേശവാസികൾ പറയുന്നു.

“ഈ സന്യാസിനീ സമൂഹത്തിലെ വിദേശികളായ മൂന്ന് സന്യാസിനിമാരെ അടുത്ത ദിവസങ്ങളിൽ പുറത്താക്കിയേക്കും. സ്‌കൂൾ പിടിച്ചെടുക്കൽ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യവാഴ്ചയുടെ ഭാഗമാണ്” – പ്രവാസത്തിൽ കഴിയുന്ന നിക്കരാഗ്വൻ അഭിഭാഷകയും ഗവേഷകയുമായ മാർത്ത പട്രീഷ്യ മോളിന മെയ് 31 ന് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കത്തോലിക്കർക്കെതിരെ നിക്കരാഗ്വൻ ഭരണകൂടം 529-ഓളം ആക്രമണങ്ങളെങ്കിലും നടത്തിയിട്ടുണ്ട്. ഇതിനോടകം 32 സന്യാസിനിമാരെ രാജ്യത്തു നിന്ന് പുറത്താക്കിയതായും ഏഴ് പള്ളിക്കെട്ടിടങ്ങൾ ഭരണകൂടം കണ്ടുകെട്ടിയതായും വിവിധ മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായും റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.