ആശ്രമം കണ്ടുകെട്ടി; 20 പേരെ അറസ്റ്റ് ചെയ്തു: വിശുദ്ധ വാരത്തിൽ ക്രൈസ്തവർക്ക് നേരെ നിക്കരാഗ്വൻ ഏകാധിപത്യം നടത്തിയ ക്രൂരത

നിക്കരാഗ്വയിൽ വിശുദ്ധ വാരത്തിലൂടെ കടന്നുപോയ ക്രൈസ്തവർക്ക് നേരിടേണ്ടി വന്നത് ഏറെ വേദനിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം, വിശുദ്ധ വാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനു 20 പേരെ അറസ്റ്റ് ചെയ്യുകയും സന്യാസിനിമാരുടെ ഒരു ആശ്രമം കണ്ടുകെട്ടുകയും ചെയ്തു.

22 വർഷത്തെ സേവനത്തിന് ശേഷം 2023 ഫെബ്രുവരിയിൽ രാജ്യം വിട്ട നിക്കരാഗ്വയിലെ ട്രാപ്പിസ്റ്റ് സഹോദരിമാരുടെ ആശ്രമം ഭരണകൂടത്തിന്റെ കൈകളിലേക്കാണ് എത്തിയത്. ഇത് സംബന്ധിച്ച വാക്കാലുള്ള അറിയിപ്പ് അധികൃതർ ജുഗാൽപയിലെ ബിഷപ്പിനു നൽകി. പരിപാവനമായ ജീവിത രീതികളുടെ വിളനിലമായ ഈ ആശ്രമം ഇനി നിക്കരാഗ്വൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ ടെക്നോളജിയുടെ (INTA) ആസ്ഥാനമാകും. ജുഗാൽപ രൂപതയിലെ സാൻ പെഡ്രോ ഡി ലോവാഗോ പട്ടണത്തിലാണ് ഈ ആശ്രമം സ്ഥിതി ചെയ്തിരുന്നത്.

ഇത് കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിശുദ്ധ വാര തിരുക്കർമ്മങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ ഇരുപതോളം വിശ്വാസികളെയാണ് ഭരണകൂടം വിശുദ്ധ വാരത്തിൽ അറസ്റ്റ് ചെയ്തത്. “നിക്കരാഗ്വൻ ഇടവകക്കാർക്ക് ഏറ്റവും വലിയ ആദരവുള്ള ഒരു പാരമ്പര്യമായ വിശുദ്ധ വാരാചരണം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ അടിച്ചമർത്തലിന്റെ കീഴിലാണ് നടന്നത്. രാഷ്ട്രീയ തടവുകാരെ തിരിച്ചറിയുന്നതിനുള്ള സംവിധാനം അനുസരിച്ച്, 2023 മാർച്ച് 31 വരെ നിക്കരാഗ്വയിലെ രാഷ്ട്രീയ തടവുകാരുടെ എണ്ണം 36 ആണ്. ഡാനിയൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യം നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്‌ക്കെതിരായ കഠിനമായ പീഡനം തുടരുന്നു”- മുൻ രാഷ്ട്രീയ തടവുകാരനും ഫൗണ്ടേഷൻ ഫോർ ഫ്രീഡം ഓഫ് നിക്കരാഗ്വയുടെ പ്രസിഡന്റും സ്ഥാപകനുമായ ഫെലിക്സ് മറഡിയാഗ വെളിപ്പെടുത്തുന്നു.

കത്തോലിക്ക സഭയുടെ പ്രദക്ഷിണങ്ങളുമായോ പൊതു പ്രവർത്തനങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്ന 20 അറസ്റ്റുകൾ ഈ കഴിഞ്ഞ വിശുദ്ധ വാരത്തിൽ നടന്നിട്ടുണ്ടെന്നും മുൻ പ്രസിഡന്റ് സ്ഥാനാർത്ഥി വ്യക്തമാക്കി. സഭയുടെ സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്നും നിക്കരാഗ്വ കത്തോലിക്കാ വൈദികർക്ക് ഏറ്റവും ശത്രുതയുള്ള രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു എന്നും ഓർമ്മിപ്പിച്ച ശേഷം, “അജപാലന ശബ്ദം പ്രതികൂലമായ സഭയെ നിശ്ശബ്ദമാക്കാൻ ഭരണകൂടം ശ്രമിക്കുന്നു” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.