ഈ മെയ് മാസത്തിൽ പരിശുദ്ധ കന്യകാമറിയത്തെ അനുകരിക്കാനുള്ള അഞ്ചു മാർഗങ്ങൾ

പരിശുദ്ധ അമ്മയെ നാം പ്രത്യേകമായി ഓർക്കുന്ന സമയമാണ് മെയ് മാസം. വണക്കമാസാചരണത്തിലൂടെയും ജപമാലപ്രാർഥനകളിലൂടെയും പരിശുദ്ധ അമ്മയുടെ മാതൃകകളും ജീവിതവും കൂടുതൽ ധ്യാനിക്കുന്ന സമയമാണ് ഈ മാസം. ഈ മാസത്തിൽ പരിശുദ്ധ അമ്മയെ കൂടുതൽ അനുകരിക്കുന്നതിനും ജീവിതത്തോട് ചേർത്തുനിർത്തുന്നതിനും സഹായിക്കുന്ന ഏതാനും മാർഗങ്ങൾ ഇതാ.

1. അനുകമ്പയുടെ പ്രവൃത്തികൾക്കു മുൻഗണന നൽകാം

സഹായം ആവശ്യമുള്ളവരുടെ അടുത്ത് ഓടിയെത്തുകയും ചോദിക്കാതെയും പറയാതെയുംതന്നെ അവരെ സഹായിക്കുകയും ചെയ്ത വ്യക്തിയാണ് പരിശുദ്ധ അമ്മ. അമ്മയുടെ അനുകമ്പയോടെയുള്ള ഈ മാതൃക നമുക്കും ജീവിതത്തിൽ അനുകരിക്കാം. നമ്മുടെ ചുറ്റും സഹായം ആവശ്യമുള്ളവരിലേക്കു തിരിയാം. അവർ സഹായം ചോദിച്ച്  നമ്മുടെ പക്കൽ എത്തുന്നതിനുമുൻപ് അവരെ കണ്ടറിഞ്ഞു സഹായിക്കാം.

2. ആന്തരികസമാധാനം വളർത്താം

ജീവിതത്തിലെ അരാജകത്വങ്ങൾക്കും വേദനകൾക്കുമിടയിലും പരിശുദ്ധ അമ്മ ശാന്തയായിരുന്നു. അതുപോലെ, ശാന്തതയുടെ ഒരു അന്തരീക്ഷത്തിലേക്കു വളരാൻ ഈ മാസം പ്രത്യേകമായി നമുക്കു ശ്രമിക്കാം. പ്രാർഥനയുടെയും ദൈവവുമായുള്ള നിരന്തരമായ സംഭാഷണത്തിലൂടെയും അടുത്തടുത്തുള്ള കൂദാശാസ്വീകരണത്തിലൂടെയും ആന്തരികമായ സമാധാനം വളർത്തിയെടുക്കാൻ നമുക്കു കഴിയും.

3. വിനയം കൈമുതലാക്കാം

ജീവതത്തിലുടനീളം വിനയം എന്ന പുണ്യത്തെ ഉയർത്തിപ്പിച്ച വ്യക്തിയാണ് പരിശുദ്ധ അമ്മ. അവൾ ദൈവഹിതത്തിന് ‘ആമേൻ’ പറഞ്ഞ നിമിഷം മുതൽ വിനയത്തിന്റെ ഉദാത്തമാതൃകയായിരുന്നു ലോകത്തിനു പകർന്നത്. അതുപോലെ നമ്മുടെ ജീവിതത്തിലും വിനയം കൈവരിക്കാൻ ശ്രമിക്കാം. ‘ഞാൻ,’ ‘എന്റെ’ എന്ന ഭാവം വെടിഞ്ഞ് ‘എല്ലാവരിലും വിനീതൻ’ എന്ന ഭാവത്തിലേക്കെത്താൻ നമുക്കു കഴിയുമ്പോൾ അവിടെ ദൈവം പ്രവർത്തിച്ചുതുടങ്ങുമെന്ന് ഓർക്കുക.

4. കലാപരമായ കഴിവുകളിലൂടെ പരിശുദ്ധ അമ്മയെ വാഴ്‌ത്താം

ദൈവം നമുക്ക് അനേകം കഴിവുകൾ നൽകിയിട്ടുണ്ട്. ആ കഴിവുകളെ പരിശുദ്ധ അമ്മയുടെ കൂട്ടുപിടിച്ച് ക്രിയാത്മകമായി ഉപയോഗിക്കാം. പരിശുദ്ധ അമ്മയുടെ ചിത്രങ്ങൾ വരയ്ക്കുകയും അത് പങ്കുവയ്ക്കുകയും ചെയ്യാം. അല്ലെങ്കിൽ പരിശുദ്ധ അമ്മയെക്കുറിച്ചുള്ള പാട്ടുകൾ തയ്യാറാക്കാം. അങ്ങനെ എന്തുമാകാം.

5. ക്ഷമയുടെ മാതൃക പുൽകാം

മറിയം ജീവിച്ചു-കാണിച്ചുതന്ന സദ്ഗുണമായ ക്ഷമ, ഒരാളെ സുഖപ്പെടുത്താനും രൂപാന്തരപ്പെടുത്താനും കഴിയുന്ന അപാരമായ ശക്തിയാണ്. നിങ്ങളോട് തെറ്റു ചെയ്തവരോടു ക്ഷമിക്കാൻ നടപടിയെടുക്കുക, നീരസത്തിന്റെ ഭാരം ഒഴിവാക്കുകയും അനുരഞ്ജനത്തിനും സമാധാനത്തിനുംവേണ്ടി നിങ്ങളുടെ ഹൃദയം തുറക്കുകയും ചെയ്യുക. നിങ്ങളുടെ മനുഷ്യത്വത്തെ അനുകമ്പയോടും കൃപയോടുംകൂടി ആശ്ലേഷിച്ചുകൊണ്ട് അതേ ക്ഷമയും വിവേകവും നിങ്ങളിലേക്കു വ്യാപിപ്പിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.