മ്യാന്മറിൽ ക്രൈസ്തവ ദൈവാലയങ്ങൾക്കു നേരെയുള്ള സൈന്യത്തിന്റെ ആക്രമണം വർദ്ധിക്കുന്നു

2021 ഫെബ്രുവരിയിൽ മ്യാൻമറിൽ അധികാരമേറ്റ സൈന്യം 132- ലധികം ബുദ്ധ, ക്രൈസ്തവ ദൈവാലയങ്ങളാണ് ആക്രമിച്ചത്. ദൈവാലയങ്ങൾ പലതും അഗ്നിക്കിരയാക്കുകയും ആയുധങ്ങൾകൊണ്ട് നശിപ്പിക്കുകയുമായിരുന്നു.

ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനങ്ങളായ ചിൻ, കയാഹ്, അതുപോലെ ബുദ്ധമത ഭൂരിപക്ഷ സംസ്ഥാനങ്ങളായ സാഗൈങ്ങ്, മാഗ്വേ എന്നീ പ്രദേശങ്ങളിലാണ് കൂടുതൽ ആക്രമണങ്ങൾ നടന്നിട്ടുള്ളത്. യുദ്ധസമയത്ത് എല്ലാ പൗരന്മാരോടും മനുഷ്യത്വപരമായ പെരുമാറ്റം അംഗീകരിക്കുന്ന ജനീവ കൺവെൻഷൻ വഴി സ്ഥാപിച്ച ഉടമ്പടികൾ അനുസരിച്ച് ഈ ആക്രമണങ്ങൾ നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. സാഗൈങ്ങിലെ പേൽ നഗരത്തിൽ പ്രതിരോധ സംഘടനകളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. തത്‍ഫലമായി 28 ബുദ്ധ ആശ്രമങ്ങളാണ് നശിപ്പിക്കപ്പെട്ടത്. കയാഹ് സംസ്‌ഥാനത്ത്‌ 66 ക്രൈസ്തവ ദൈവാലയങ്ങളും ചിൻ സംസ്‌ഥാനത്ത്‌ 20 ദൈവാലയങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

മാർച്ചിൽ ചിൻ അഫയേഴ്സ് ഫെഡറേഷൻ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 20-ലധികം പാസ്റ്റർമാരാണ് അറസ്റ്റിലായിട്ടുള്ളത്. ഇതിൽ നാലുപേർ കൊല്ലപ്പെട്ടു. 12 പാസ്റ്റർമാരെ പിന്നീട് വിട്ടയച്ചതായും നാല് പേർ തടങ്കലിൽ തുടരുകയാണെന്നും ഫെഡറേഷൻ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തെക്കുറിച്ച് സൈന്യത്തിന്റെ ഇൻഫർമേഷൻ ഡെപ്യൂട്ടി മന്ത്രി മേജർ ജനറൽ സോ മിൻ ടുൺ ഇതുവരെ പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന് പകരമായി, മുൻ മ്യാൻമർ ഗവൺമെന്റിന്റെ മനുഷ്യാവകാശ മന്ത്രിയായ ഓങ് മിയോ മിൻ, സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങളെ രേഖപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ദൈവാലയങ്ങളും മറ്റും ആക്രമിക്കുന്നതിനു പുറമെ, സൈന്യം ഇതിനോടകം 2,000-ത്തിലധികം സാധാരണക്കാരെ കൊല്ലുകയും 14,500-ലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.