തീർഥാടന കേന്ദ്രമായ മൗണ്ട് ക്രിസ്റ്റോ റേയിൽ അതിർത്തി മതിൽ നിർമ്മാണം തടയാൻ യു.എസ് സഭയിൽ പുതിയ ബിൽ

പ്രശസ്ത കത്തോലിക്കാ തീർഥാടന കേന്ദ്രമായ മൗണ്ട് ക്രിസ്റ്റോ റേയിൽ അതിർത്തി മതിൽ നിർമ്മാണം തടയാൻ യു.എസ് സഭയിൽ പുതിയ ബിൽ അവതരിപ്പിച്ചു. ​ടെക്സസ് – മെക്സിക്കോ അതിർത്തിയിലുള്ള ‘മൗണ്ട് ക്രിസ്റ്റോ റേ’യിൽ (Mount Cristo Rey) അതിർത്തി മതിൽ നിർമ്മിക്കുന്നതും സ്ഥലമേറ്റെടുക്കുന്നതും തടയാൻ യു.എസ് ഡെമോക്രാറ്റിക് ജനപ്രതിനിധി വെറോണിക്ക എസ്കോബാർ ജനപ്രതിനിധി സഭയിൽ പുതിയ ബിൽ അവതരിപ്പിച്ചു. ‘മൗണ്ട് ക്രിസ്റ്റോ റേ പ്രൊട്ടക്ഷൻ ആക്ട്’ എന്നാണ് ഈ ബില്ലിന്റെ പേര്.

​അതിർത്തി മതിൽ വികസിപ്പിക്കുന്നതിനായി മലയുടെ താഴ്‌വരയിലുള്ള ലാസ് ക്രൂസസ് രൂപതയുടെ ഉടമസ്ഥതയിലുള്ള 14 ഏക്കറോളം ഭൂമി പിടിച്ചെടുക്കാൻ യു.എസ് ഫെഡറൽ സർക്കാർ നിയമനടപടി ആരംഭിച്ചിരുന്നു. ഇതിനെതിരെയാണ് ബിൽ അവതരിപ്പിച്ചത്. തർക്കത്തിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന കേസിനായി ഫെഡറൽ ഫണ്ട് ഉപയോഗിക്കുന്നത് ബിൽ വിലക്കുന്നു. കൂടാതെ മലയിലോ സമീപ പ്രദേശങ്ങളിലോ മതിൽ, വേലി, റോഡ്, വെളിച്ചം, സെൻസറുകൾ എന്നിവ സ്ഥാപിക്കുന്നതിനും ഫണ്ട് വിനിയോഗിക്കാൻ പാടില്ലെന്ന് ബില്ലിൽ പറയുന്നു.

1939 – ൽ സ്ഥാപിച്ച 29 അടി ഉയരമുള്ള യേശുക്രിസ്തുവിന്റെ വലിയ രൂപം സ്ഥിതി ചെയ്യുന്ന ഈ മലയിലേക്ക് പ്രതിവർഷം നാൽപ്പതിനായിരത്തിലധികം തീർഥാടകരാണ് എത്തുന്നത്. അതിർത്തി മതിൽ പണിയുന്നത് വിശ്വാസികളുടെ മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബിൽ ചൂണ്ടിക്കാണിക്കുന്നു.

​റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽ ബിൽ ഉടൻ പാസാകാൻ സാധ്യത കുറവാണെങ്കിലും പവിത്രമായ ഈ തീർഥാടന കേന്ദ്രം സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് ശക്തമായ നിയമപരമായ അടിത്തറയിടാൻ ഈ നീക്കത്തിലൂടെ സാധിക്കുമെന്ന് വെറോണിക്ക എസ്കോബാർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.