
അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ഡിസ്കവറി പ്രോഗ്രാമിന്റെ മൂന്നാമത്തെ മിഷനായ ലൂണാർ പ്രോസ്പെക്ടർ, ദൗത്യം അവസാനിപ്പിച്ചത് 1999 ജൂലൈ 31 നായിരുന്നു. ചന്ദ്രന്റെ ഘടനയെയും ഗുരുത്വാകർഷണത്തെയും ജലസാന്നിധ്യ സാധ്യതകളെയും കുറിച്ചു പഠിക്കാൻ 1998 ജനുവരി എട്ടിനാണ് ഈ പേടകം വിക്ഷേപിച്ചത്. 300 കിലോഗ്രാമായിരുന്നു പേടകത്തിന്റെ ഭാരം. 1998 മാർച്ചിൽ പേടകം അയച്ച ഡാറ്റ പരിശോധിച്ച നാസ ചന്ദ്രന്റെ ഇരുധ്രുവങ്ങളിലും ഖരരൂപത്തിലുളള ജലസാന്നിധ്യമുളളതായി സ്ഥിരീകരിച്ചു. ചന്ദ്രന്റെ ഉൾക്കാമ്പിലെ ഇരുമ്പിന്റെ സാന്നിധ്യം, ചന്ദ്രോപരിതലത്തിലെ ശക്തമായ പ്രാദേശിക ഗുരുത്വമേഖലകൾ, പലതരം ചാന്ദ്രശിലകളുടെ സവിശേഷതകൾ എന്നിവ സംബന്ധിച്ച പല പുതിയ വിവരങ്ങളും ലൂണാർ പ്രോസ്പെക്ടർ കണ്ടെത്തി. 1999 ജൂലൈ 31 ന് ചന്ദ്രനിലെ ഷൂമാക്കർ ഗർത്തിലേക്ക് ഇടിച്ചിറക്കിയാണ് ലൂണാർ പ്രോസ്പെക്ടറിന്റെ ദൌത്യം അവസാനിപ്പിച്ചത്. ചന്ദ്രോപരിതലത്തിൽ നിക്ഷേപിക്കുന്നതിനായി പ്രസിദ്ധ ജിയോളജിസ്റ്റ് ആയിരുന്ന യൂജിൻ ഷൂമാക്കറിൻറെ ഭൗതികാവിശിഷ്ടവും പേടകത്തിൽ വഹിച്ചിരുന്നു.
1658 ജൂലൈ 31 നാണ് ആറാമത്തെ മുഗൾ ഭരണാധികാരിയായി ഔറംഗസേബ് സ്വയം പ്രഖ്യാപിച്ചത്. മുഗൾ രാജവംശത്തിന്റെ പ്രതാപകാലത്തെ അവസാന ഭരണാധികാരിയായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. പിതാവ് ഷാജഹാനു ശേഷം രക്തരൂക്ഷിത യുദ്ധങ്ങളിലൂടെ ആഗ്രയും ചെങ്കോട്ടയും പിടിച്ചടക്കിയാണ് ഔറംഗസേബ് ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചത്. 48 വർഷങ്ങൾ അദ്ദേഹം മുഗൾ സാമ്രാജ്യം ഭരിച്ചു. യുദ്ധങ്ങളിൽ നിപുണനായിരുന്ന ഔറംഗസേബ് ദക്ഷിണേന്ത്യ ഒഴികെയുള്ള ഭാരതത്തിന്റെ വിശാലമായ പ്രദേശങ്ങൾ തന്റെ ഭരണകാലത്ത് മുഗൾ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു.
ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഉപ്പുസത്യാഗ്രഹം ഉൾപ്പെടെയുള്ള ഗാന്ധിയൻ സമരമാർഗങ്ങളുടെ സുപ്രധാന പ്രഭവകേന്ദ്രങ്ങളിലൊന്നായിരുന്നു ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബർമതി ആശ്രമം. 1917 മുതൽ ഗാന്ധിജി താമസിച്ചിരുന്ന സബർമതിയോട് അദ്ദേഹം എന്നെന്നേക്കുമായി യാത്ര പറഞ്ഞത് 1933 ജൂലൈ 31 നായിരുന്നു. ഇന്ത്യ സ്വതന്ത്രയായിട്ടല്ലാതെ താൻ ഇനി ഇവിടേക്കു തിരികെവരില്ല എന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തിരുന്നു. 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രയായെങ്കിലും ജനുവരിയിൽ വധിക്കപ്പെടുന്നതിനു മുമ്പ് സബർമതിയിലേക്ക് തിരികെവരാൻ ഗാന്ധിജിക്കു കഴിഞ്ഞില്ല.
11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പാലക്കാട് തൃശൂർ ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിലൂടെ ആദ്യ വാഹനം കടന്നുപോയത് 2021 ജൂലൈ 31 നായിരുന്നു. 2004-05 കാലത്താണ് ഡൽഹിയിൽ ദേശീയപാത അതോറിറ്റിയുടെ ചീഫ് ജനറൽ മാനേജരായിരുന്ന കന്തസ്വാമിയും പാലക്കാട് പ്രോജക്ട് ഡയറക്ടറായിരുന്ന എം കൃഷ്ണനും ചേർന്ന് കുതിരാനിൽ ഇരട്ടക്കുഴൽ തുരങ്കം എന്ന ആശയം രൂപപ്പെടുത്തിയത്. നിരവധി ചർച്ചകൾക്കുശേഷം 2009 ൽ ഇത് നിർമിക്കുന്നതു സംബന്ധിച്ച കരാറിൽ ഒപ്പുവച്ചിരുന്നെങ്കിലും പലകാരണങ്ങളാൽ നീണ്ടുപോയ നിർമാണം പൂർത്തീകരിക്കാനായത് 2021 ലാണ്. 10 മീറ്റർ ഉയരവും 14 മീറ്റർ വീതിയും 945 മീറ്റർ ദൈർഘ്യവുമുള്ളതാണ് തുരങ്കപാത. കേരളത്തിലെ ആദ്യത്തേതും ദക്ഷിണേന്ത്യയിലെ നീളം കൂടിയതുമായ തുരങ്കപാതയാണിത്.
സുനീഷ വി എഫ്




