ബെനഡിക്ട് പാപ്പായെ അവസാനമായി കാണാൻ ഇന്നലെ മാത്രം എത്തിയത് 65,000 -ത്തിലധികം തീർത്ഥാടകർ

കത്തോലിക്കാ സഭയുടെ 265 -ാമത്തെ മാർപാപ്പയെ അവസാനമായി കാണാനും പ്രാർത്ഥിക്കാനും പതിനായിരങ്ങളാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലേക്ക് ഒഴുകിയെത്തിയത്. അന്തരിച്ച ബെനഡിക്ട് പാപ്പായുടെ ഭൗതികദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ ജനുവരി രണ്ടിനു മാത്രം എത്തിയത് 65,000 -ത്തിലധികം തീർത്ഥാടകർ. ലളിതമായ ചടങ്ങുകളാൽ വ്യത്യസ്തവും ഭക്തിസാന്ദ്രവുമായിരുന്നു സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടന്ന ഓരോ ചടങ്ങുകളും. ബെനഡിക്ട് പാപ്പായുടെ ആഗ്രഹപ്രകാരം തന്നെയാണ് ചടങ്ങുകൾ ലളിതമാക്കിയത്.

വത്തിക്കാനിലെ മാത്തർ എക്ലേസിയാ മൊണാസ്ട്രി ചാപ്പലിൽ ജനുവരി ഒന്നിന് പാപ്പായുടെ ഭൗതികദേഹം പൊതുദർശനത്തിനു വച്ചിരുന്നു. പാപ്പായുടെ ദീർഘകാല പേഴ്‌സണൽ സെക്രട്ടറിയും വക്താവുമായ ആർച്ചുബിഷപ്പ് ജോർജ് ഗാൻസ്‌വീൻ, അദ്ദേഹത്തെ പരിചരിച്ചവർ ഉൾപ്പെടെയുള്ളവരാണ് അന്നേ ദിനം ആദരാജ്ഞലികൾ അർപ്പിച്ചത്. ജനുവരി രണ്ടിന് പാപ്പായുടെ ഭൗതികദേഹം സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ പൊതുദർശനത്തിനായി കൊണ്ടുവന്നു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ആർച്ച്‌പ്രീസ്റ്റ് കർദ്ദിനാൾ മൗറോ ഗാംബെറ്റി, വിശുദ്ധ ജലം തളിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.

പാപ്പായെ അവസാനമായി കാണാനും ആദരാഞ്ജലി അർപ്പിക്കാനും എത്തിയവരിൽ ഇറ്റലിയുടെ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരും ഉൾപ്പെടുന്നു. വത്തിക്കാൻ പ്രസ് ഓഫീസിന്റെ കണക്കുകൾ അനുസരിച്ച് ജനുവരി രണ്ടിനു മാത്രം സന്ദർശനത്തിനെത്തിയത് 65,000 പേരാണ്. ജനുവരി നാലു വരെ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.