മിഡിൽ ഈസ്റ്റിൽ നിന്നും ക്രൈസ്തവരുടെ കൂട്ടപ്പലായനമെന്ന് റിപ്പോർട്ടുകൾ

മിഡിൽ ഈസ്റ്റിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവർ വലിയ ഭീഷണിയുടെ നടുവിലാണ് ജീവിക്കുന്നത്. ക്രൈസ്തവർ പ്രാണരക്ഷാർത്ഥം കൂട്ടപ്പലായനമാണ് നടത്തുന്നതെന്ന് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. എയ്ഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. വെസ്റ്റ് ബാങ്കിൽ ക്രൈസ്തവരുടെ സാന്നിധ്യം 18 ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി കുറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ 5,000-ത്തിലധികം പേർ പലായനം ചെയ്തു. സിറിയയിൽ 2011-ൽ യുദ്ധം ആരംഭിച്ചതു മുതൽ ആകെയുള്ള 10 % ക്രിസ്ത്യാനികൾ ഇന്ന് 2 % ൽ താഴെയാണ്.

ഫ്രാൻസിസ് മാർപാപ്പ അടുത്തിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. ആശങ്കാജനകമായ ഒരു പലായനത്തിന്റെ പ്രധാനപ്പെട്ട കാരണം, ഇസ്‌ലാമിക മതമൗലികവാദം, സാമ്പത്തിക പ്രതിസന്ധി മുതലായ സാഹചര്യങ്ങളാണ്.

കഴിഞ്ഞ 20 മാസത്തിനുള്ളിൽ ജെറുസലേം ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും പലായനം ചെയ്ത ക്രൈസ്തവരുടെ എണ്ണം 5,000-ത്തിലധികം വരും. അവരിൽ ഭൂരിഭാഗവും യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളിലാണ് അഭയം തേടിയത്. ക്രൈസ്തവർ പലായനം ചെയ്യുന്ന രാജ്യങ്ങളിലെല്ലാം തന്നെ അവരെ രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്നു. സ്കൂളിലും ജോലിസ്ഥലത്തും അവരോട് വിവേചനം കാണിക്കുന്നു. കുറഞ്ഞ ശമ്പളവും തൊഴിലില്ലായ്മയും പലായനം ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നു. ഇറാഖി ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദയത്തോടെ 50,000 പേരെങ്കിലും ലെബനനിൽ അഭയം തേടി.

നവംബർ 23- ന്, ക്രൈസ്തവ പീഡനത്തിന്റെ ദുരന്തത്തിനെതിരായ ആളുകൾക്കു വേണ്ടിയുള്ള നിശബ്ദ പ്രതിഷേധസൂചകമായി എല്ലാ ദൈവാലയങ്ങളിലും ചുവപ്പ് നിറത്തിൽ പ്രകാശിപ്പിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.