അർജന്റീനയിൽ ലെയോ പാപ്പ സന്ദർശിക്കുന്ന ‘ലിബർട്ടി പാലസ്’: മുൻ പോസ്റ്റ് ഓഫീസ് ആസ്ഥാനത്തിന്റെ ചരിത്രം

അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറീസിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നതും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വാസ്തുവിദ്യകളിൽ ഒന്നുമാണ് ‘ലിബർട്ടി പാലസ്’. നവംബർ എട്ടിന് ലെയോ പതിനാലാമൻ മാർപാപ്പ സന്ദർശിക്കുന്ന അർജന്റീനയിലെ പ്രധാന സ്ഥലങ്ങളിൽ ഈ ലിബർട്ടി പാലസും ഉൾപ്പെട്ടിട്ടുണ്ട്. സെൻട്രൽ പോസ്റ്റ് ഓഫീസിന്റെ മുൻ ആസ്ഥാനമായിരുന്ന ലിബർട്ടി പാലസിന്റെ ചെറിയ ഒരു ചരിത്രം നമുക്ക് പരിശോധിക്കാം.

ഔദ്യോഗിക കാര്യപരിപാടി പ്രകാരം നവംബർ എട്ടിന് വൈകുന്നേരം 6:30-ന്, സർക്കാർ ഉദ്യോഗസ്ഥർ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരെ അഭിസംബോധന ചെയ്ത് മാർപാപ്പ ഇവിടെ പ്രസംഗിക്കും. കാസ റോസാഡെയ്ക്ക് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന ലിബർട്ടി പാലസിന്റെ നിർമ്മാണം ആരംഭിക്കുന്നത് മിഗ്വൽ ജുവാരസ് സെൽമാൻ പ്രസിഡന്റായിരുന്ന കാലത്താണ്. നീതിന്യായ കൊട്ടാരവും ബ്യൂണസ് ഐറീസ് നാഷണൽ കോളേജും രൂപകൽപ്പന ചെയ്ത ഫ്രഞ്ച് ആർക്കിടെക്റ്റ് നോർബർട്ട് മെയ്‌ലാർഡിന്റെ പദ്ധതിക്ക് 1888-ൽ അദ്ദേഹം അനുമതി നൽകി.

പ്രാരംഭഘട്ട നിർമ്മാണത്തിന് ശേഷം, ഒരു നഗര ബ്ലോക്ക് മുഴുവൻ വരുന്ന ഈ പദ്ധതിയിൽ 1908-ൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നു. ഒടുവിൽ, മാർസെലോ ടി. ഡി അൽവിയർ പ്രസിഡന്റായിരുന്ന കാലത്ത് 1928 സെപ്റ്റംബർ 28-ന് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തു.

1937-ൽ സ്റ്റേറ്റ് റേഡിയോയുടെ ആദ്യ സംപ്രേഷണത്തിന് ഈ കെട്ടിടം വേദിയായി. കുറച്ച് കാലത്തിനുശേഷം, 1946-ൽ എവ പെറോണിന്റെ (Eva Perón) ഓഫീസ് പ്രവർത്തിച്ചിരുന്നതും ഇവിടെയായിരുന്നു. 1997-ൽ ഈ കെട്ടിടത്തെ ഒരു ദേശീയ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചു. മൂന്ന് വർഷത്തിന് ശേഷം 2000-ൽ, പോസ്റ്റ് ഓഫീസ് ഇവിടുന്ന് മാറ്റിസ്ഥാപിക്കപ്പെടുകയും കെട്ടിടം ഉപയോഗശൂന്യമായി തീരുകയും ചെയ്തു.

തുടർന്ന് 2006-ൽ സർക്കാർ ഇതിന്റെ നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഇതിനെ ഒരു സാംസ്കാരിക കേന്ദ്രമാക്കി മാറ്റി. തുടർന്ന് 2015-ൽ, ‘കിർച്ച്നർ കൾച്ചറൽ സെന്റർ’ (CCK) എന്ന പേരിൽ ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടു. എന്നാൽ 2024 ഒക്ടോബറിൽ, പ്രസിഡന്റ് ഹാവിയർ മിലെയുടെ സർക്കാർ ഇതിന്റെ പേര് ‘പാലസിയോ ലിബർട്ടാഡ്, സെൻട്രോ കൾച്ചറൽ ഡൊമിങ്കോ ഫൗസ്റ്റിനോ സർമിന്റോ’ (Palacio Libertad, Centro Cultural Domingo Faustino Sarmiento) എന്ന് പുനർനാമകരണം ചെയ്തു. ഇതാണ് ഇതിന്റെ ഇപ്പോഴത്തെ മുഴുവൻ ഔദ്യോഗിക നാമം.

ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രമായും ലോകത്തിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നായും ഇത് കണക്കാക്കപ്പെടുന്നു. ‘ബ്ലൂ വെയിൽ’ (Blue Whale) എന്നറിയപ്പെടുന്ന സിംഫണി ഹാൾ ഇതിന്റെ പ്രത്യേകതകളിലൊന്നാണ്. 1,950 പേർക്ക് ഒരേസമയം ഇരിക്കാൻ കഴിയുന്ന ഈ വലിയ ഹാളിൽ ജർമ്മനിയിൽ നിർമ്മിച്ച ഒരു പൈപ്പ് ഓർഗനും സജ്ജീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.