
മനുഷ്യപുത്രൻ ആരെന്നുള്ള ചോദ്യമുയർത്തുന്നത് മനുഷ്യപുത്രൻ തന്നെ! ശിഷ്യന്മാരോടു ചോദിക്കുമ്പോൾ പലർക്കും പല ഉത്തരങ്ങളാണ്. ഈശോ എന്നോടാണ് ആ ചോദ്യം ചോദിക്കുന്നതെങ്കിൽ എന്തായിരിക്കും ഉത്തരം. വ്യക്തിപരമായി ഈശോ എനിക്ക് ആരാണ് എന്ന് കണ്ടുപിടിക്കുക. എന്റെ ഏകരക്ഷകനാണ്, വഴിയാണ്, ജീവനാണ്, ഗുരുവാണ്, വെളിച്ചമാണ്, നാഥനാണ് എന്നൊക്കെ നമ്മൾ പറയുമായിരിക്കും. എങ്കിലും എന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഈശോ എനിക്ക് ആരാണ്? ഉത്തരം തികച്ചും വ്യക്തിപരമായിരിക്കണം.
പത്രോസിന്റെ ഉത്തരം വ്യക്തിപരമായിരുന്നു; വിശ്വാസത്തിൽ അധിഷ്ഠിതമായിരുന്നു. ആ ഉത്തരമാണ്, “നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല” എന്നുപറയാന്‍ ഈശോയെ പ്രേരിപ്പിക്കുന്നത്. സഭയുടെ തുടക്കവും അടിസ്ഥാനവും നമുക്കിവിടെ കാണാം. ഈശോയിലധിഷ്ഠിതമായ സഭ, എന്തുമാത്രം പ്രശ്നങ്ങളിലൂടെ കടന്നുപോയാലും അതിനെയെല്ലാം അതിജീവിക്കുമെന്ന ബോധ്യം നമ്മില്‍ നിറയട്ടെ.
ഫാ. ജി. കടൂപ്പാറയിൽ MCBS




