ലത്തീൻ ജൂലൈ 13 തിങ്കൾ, മത്തായി 10: 34-11:1 ക്രിസ്തുവിന്റെ ശിഷ്യർ

വി. മത്തായിയുടെ സുവിശേഷം പത്താം അധ്യായം 34 മുതലുള്ള വാക്യങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. സ്വന്തം കുരിശെടുത്ത്‌ എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല എന്ന ക്രിസ്തുവിന്റെ വചനം ഓരോ ക്രൈസ്തവനും നൽകുന്ന വെല്ലുവിളിയാണ്. ക്രിസ്തുവിനെ അനുഗമിക്കുന്ന ഓരോ വ്യക്തിക്കും സഹനങ്ങളുണ്ട് എന്നുള്ള ക്രിസ്തുവിന്റെ ഓർമ്മപ്പെടുത്തലാണ് ഈ തിരുവചനഭാഗം. സഹനങ്ങളെ അവഗണിച്ചു ജീവിക്കുന്ന ഒരു ക്രൈസ്തവൻ ഒരിക്കലും യഥാർഥ ക്രിസ്ത്യാനി ആവുകയില്ല. ക്രിസ്തീയജീവിതത്തിൽ രക്ഷ വേണമെങ്കിൽ കുരിശിനെ സ്വീകരിക്കാൻ നാം തയ്യാറാകണം.

ഇന്നത്തെ കാലഘട്ടത്തിൽ തിരുസഭ ഒരുപാട് സഹനങ്ങളുടെയും വെല്ലുവിളികളിലൂടെയുമാണ് കടന്നുപോകുന്നത്. സഭ ആദിമകാലം മുതലേ ഒരുപാട് സഹനങ്ങളും പീഡനങ്ങളും നേരിട്ടിരുന്നു. എന്നാൽ, അവയൊക്കെയും കടന്നുവന്നപ്പോൾ സഭ ഒരിക്കലും തളർന്നിട്ടില്ല, മറിച്ച് വളരുകയാണ് ചെയ്തത്. ക്രിസ്തുവിന്റെ തിരുനിണത്താൽ വേരുറപ്പിക്കപ്പെട്ട തിരുസഭയുടെ അംഗങ്ങളെന്ന നിലയിൽ സഹനങ്ങളെ സ്വീകരിക്കാനും സ്നേഹിക്കാനും നാം തയ്യാറാകണം. എങ്കിലേ ക്രിസ്തുവിനെ അനുഗമിക്കുന്ന ക്രിസ്ത്യാനി എന്ന പേരിന് നാം അർഹരാകൂ.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.