‘ഈശോ, ഞാൻ നിന്നെ സ്നേഹിക്കുന്നു’: ബെനഡിക്ട് പാപ്പായുടെ അവസാന വാക്കുകൾ

‘ഈശോ, ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നതായിരുന്നു  ബെനഡിക്ട് പാപ്പായുടെ അവസാന വാക്കുകൾ. മരണശേഷം അദ്ദേഹത്തിന്റെ അടുക്കലേക്ക് ആദ്യം വന്നത് ഫ്രാൻസിസ് മാർപാപ്പയായിരുന്നു. തുടര്‍ന്നു വായിക്കുക. 

‘ഈശോ, ഞാൻ നിന്നെ സ്നേഹിക്കുന്നു.’ ദിവംഗതനായ ബെനഡിക്ട് പതിനാറാമൻ പാപ്പാ അവസാനമായി പറഞ്ഞ വാക്കുകൾ ഇതായിരുന്നുവെന്ന് അർജന്റീനിയൻ പത്രമായ ‘ലാ നസിയോന്‍’ (La Nacion) വെളിപ്പെടുത്തുന്നു. ബെനഡിക്ട് പാപ്പായുടെ മരണശേഷം അദ്ദേഹത്തിന്റെ അടുക്കൽ ആദ്യം വന്നത് ഫ്രാൻസിസ് മാർപാപ്പയായിരുന്നുവെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രാദേശിക സമയം രാവിലെ 9:34- ന് ബെനഡിക്ട് പാപ്പാ മരണമടഞ്ഞ ഉടനെ അദ്ദേഹത്തിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് ജോർജ് ഗാൻസ്‌വീൻ, മരണവിവരം ഫ്രാൻസിസ് മാർപാപ്പയെ ഫോണിൽ വിളിച്ച് അറിയിച്ചു. “വിവരം അറിഞ്ഞ ഉടനെ പത്തു മിനിറ്റിനു ശേഷം, ഫ്രാൻസിസ് പാപ്പാ അവിടെ എത്തുകയും അദ്ദേഹത്തിന് ആശീർവാദം നൽകുകയും ചെയ്തു. തുടർന്ന് ഭൗതികദേഹത്തിനരികിൽ നിശബ്ദമായി പ്രാർത്ഥിച്ചു” – അർജന്റീനിയൻ പത്രത്തിന്റെ വെബ്സൈറ്റ് വെളിപ്പെടുത്തുന്നു.

ബെനഡിക്ട് പാപ്പായുടെ മരണവിവരം ഉടൻ ലോകത്തെ അറിയിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിച്ചു. അതിനാൽ വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാത്തിയോ ബ്രൂണിയെ ആർച്ചുബിഷപ്പ് ഗാൻസ്‌വീൻ വിളിച്ച് മരണവിവരം അറിയിക്കുകയായിരുന്നു.

2013 ഫെബ്രുവരിയിൽ സ്ഥാനമൊഴിഞ്ഞതിനു ശേഷം വത്തിക്കാനിലെ മാത്തർ എക്ലീസിയാ ആശ്രമത്തിലായിരുന്നു ബെനഡിക്ട് പാപ്പാ വിശ്രമജീവിതം നയിച്ചിരുന്നത്. പാപ്പായുടെ മരണവും ഇവിടെ വച്ചു തന്നെയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.