“അദ്ദേഹം എല്ലാവർക്കും ഒരു പ്രചോദനമായിരുന്നു” – അന്തരിച്ച ബെനഡിക്ട് പതിനാറാമനെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കി ജോ ബൈഡൻ

ശനിയാഴ്ച അന്തരിച്ച പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പായ്ക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആദരാജ്ഞലികൾ അർപ്പിച്ചു. അനുശോചനത്തിൽ പ്രശസ്ത ദൈവശാസ്ത്രജ്ഞനും നമുക്ക് എല്ലാവര്‍ക്കും പ്രചോദനവുമായ ഒരു വ്യക്തിത്വമായിരുന്നു ബെനഡിക്ട് പതിനാറാമൻ പാപ്പാ എന്ന് ബൈഡൻ അനുസ്മരിച്ചു.

“ലോകമെമ്പാടുമുള്ള കത്തോലിക്കാരോടും അനുശോചനം അർപ്പിച്ച ആയിരക്കണക്കിന് ആളുകളോടുമൊപ്പം ചേർന്ന് പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ വേർപാടിലുള്ള ദുഃഖത്തിൽ ഞാനും ജില്ലും പങ്കുചേരുന്നു” – ബൈഡൻ രേഖപ്പെടുത്തി. 2011 -ൽ വത്തിക്കാനിൽ ബെനഡിക്ട് പതിനാറാമൻ പാപ്പയുമായി കണ്ടുമുട്ടിയിരുന്നുവെന്നും തദവസരത്തിൽ അദ്ദേഹത്തിന്റെ സംഭാഷണവും ആതിഥേയമര്യാദകളും ആർദ്രതയും തന്നെ ഏറെ സ്വാധീനിച്ചു എന്നും ബൈഡൻ പറഞ്ഞു.

“തത്വങ്ങളും വിശ്വാസവും വഴി നയിക്കപ്പെടുന്ന, സഭയോടുള്ള ആജീവനാന്ത സമർപ്പണത്തിന്റെ മൂർത്തീരൂപമായ ദൈവശാസ്ത്രജ്ഞനായി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും.” എല്ലാ ആളുകളും അവരുടെ അന്തസ്സിനു യോഗ്യമായ രീതിയിൽ ജീവിക്കണമെങ്കിൽ ആഗോള ഐക്യദാർഢ്യത്തിന്റെ ആവശ്യകത എന്നത്തേയും പോലെ അടിയന്തിരമാണ്’ എന്ന പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പപ്പയുടെ വാക്കുകൾ ഊന്നിപ്പറഞ്ഞ അദ്ദേഹം, ജീവകാരുണ്യ ശുശ്രൂഷയിലുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ ഞങ്ങൾക്ക് പ്രചോദനമായി തുടരട്ടെ എന്നും കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.