ദൈവം എന്ന വാക്ക് ഉപയോഗിക്കുന്നതിന് കനേഡിയൻ സൈനിക ചാപ്ലയിന്മാർക്ക് വിലക്ക്; ആശങ്ക അറിയിച്ച് സഭാനേതൃത്വം

കനേഡിയൻ സായുധ സേനയിലെ (Canadian Armed Forces) ചാപ്ലയിന്മാർ ഇനിമുതൽ പൊതു ചടങ്ങുകളിലും ഔദ്യോഗിക ശുശ്രൂഷകളിലും ‘ദൈവം’ (God) എന്ന വാക്കോ പ്രത്യേക മതചിഹ്നങ്ങളോ ഉപയോഗിക്കരുതെന്ന് നിർദേശം. രാജ്യത്തിന്റെ വിവിധ ധാർമ്മിക-മത പശ്ചാത്തലങ്ങളെ മാനിക്കാനും, എല്ലാവരെയും ഉൾക്കൊള്ളുന്ന അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഈ പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

കനേഡിയൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പുതിയ നയരേഖ പ്രകാരം, സൈനിക ചാപ്ലയിന്മാർ ഔദ്യോഗിക പരിപാടികളിൽ സംസാരിക്കുമ്പോൾ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെ സങ്കൽപ്പങ്ങളോ പ്രാർഥനകളോ ഉപയോഗിക്കാൻ പാടില്ല എന്ന നിർദേശം ആണ് നൽകിയിരിക്കുന്നത്. പ്രാർഥനകൾക്ക് പകരം പൊതുവായ ചിന്തകളും ആശ്വാസ വചനങ്ങളും പങ്കുവയ്ക്കാനാണ് ആഹ്വാനം. ‘ദൈവം’ എന്ന വാക്കിന് പകരം എല്ലാവർക്കും സ്വീകാര്യമായ പൊതുപദങ്ങൾ ഉപയോഗിക്കണം. പൊതു സൈനിക ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ചാപ്ലയിന്മാർ കുരിശുരൂപം ഉൾപ്പെടെയുള്ള മതപരമായ ചിഹ്നങ്ങൾ വസ്ത്രങ്ങളിൽ ധരിക്കുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്.

ഈ തീരുമാനം ചാപ്ലയിന്മാരുടെ പ്രാഥമികമായ ദൗത്യത്തെയും ആത്മീയ ശുശ്രൂഷയെയും തടസ്സപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി വിവിധ ക്രിസ്തീയ സഭകളും മതനേതാക്കളും ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.