‘ഇൽ മിയോ സാൻ ഫ്രാൻചേസ്കോ’: ഫ്രാൻസിസ് മാർപാപ്പയുടെ മരണാനന്തര പുസ്തകം പുറത്തിറങ്ങും

ഫ്രാൻസിസ് മാർപാപ്പയുടെ മരണാനന്തര പുസ്തകം, ‘ഇൽ മിയോ സാൻ ഫ്രാൻചേസ്കോ’ (എന്റെ സെന്റ് ഫ്രാൻസിസ്), സെപ്റ്റംബർ 18 മുതൽ ഇറ്റാലിയൻ പുസ്തകശാലകളിൽ ലഭ്യമാകും. അന്തരിച്ച മാർപാപ്പയും വിശുദ്ധരുടെ കാരണങ്ങളുടെ ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ മാർസെല്ലോ സെമെരാരോയും തമ്മിലുള്ള സംഭാഷണമാണ് ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്.

2024-ന്റെ അവസാനത്തിൽ ഫ്രാൻസിസ് മാർപാപ്പയും കർദിനാൾ സെമെറാരോയും തമ്മിൽ നടന്ന ഒരു സാഹോദര്യ സംഭാഷണം അവതരിപ്പിക്കുന്ന പുസ്തകത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ ഒരു കത്തും കർദിനാൾ പിയത്രോ പരോളിന്റെ ഒരു ആമുഖവും ഉൾപ്പെടുന്നു. ഫ്രാൻസിസ് മാർപാപ്പ തന്റെ പേരിനും തന്റെ പ്രബോധനത്തിനും പ്രചോദനം നൽകിയ അസീസിയിലെ വിശുദ്ധ ഫ്രാൻസിസുമായുള്ള തന്റെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് ഈ പുസ്തകത്തിൽ ആഴത്തിൽ പറയുന്നു. ഒപ്പം സൃഷ്ടി, സമാധാനം, സാഹോദര്യം എന്നിവയെക്കുറിച്ചും വെളിപ്പെടുത്തുന്നു.

ദാരിദ്ര്യത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ ചിന്തകളും ധാരണകളും കുടുംബം, വേദന, മരണം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളും സഭയുടെ ‘മുറിവുകളെ’ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉത്കണ്ഠകളും ഈ പുസ്തകത്തിൽ പരാമർശിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.