ദയാവധത്തെ അനുകൂലിക്കുന്ന കത്തോലിക്കാ ജനപ്രതിനിധികൾക്ക് വിശുദ്ധ കുർബാന നൽകില്ലെന്ന് ഫ്രഞ്ച് ബിഷപ്പ്

ഫ്രാൻസിൽ കടുത്ത തർക്കങ്ങൾക്ക് വഴിവച്ചിരിക്കുന്ന ദയാവധം നിയമവിധേയമാക്കുന്നത് സംബന്ധിച്ചുള്ള ബില്ലിനെ പിന്തുണയ്ക്കുന്ന കത്തോലിക്കാ ജനപ്രതിനിധികൾക്ക് പള്ളികളിൽ വിശുദ്ധ കുർബാന നൽകില്ലെന്ന് ഫ്രഞ്ച് ബിഷപ്പ് മാർക്ക് ഐലെറ്റ്. രാജ്യത്ത് ദയാവധം നിയമവിധേയമാക്കുന്നതിനുള്ള ബിൽ പാർലമെന്റിന്റെ പരിഗണനയിലിരിക്കെയാണ് സഭയുടെ നിലപാട് ബിഷപ്പ് വ്യക്തമാക്കിയത്.

മനുഷ്യജീവന്റെ അന്തസ്സിനെതിരായ ഈ നിയമത്തെ പിന്തുണയ്ക്കുന്നത് കത്തോലിക്കാ വിശ്വാസത്തിന് നിരക്കാത്ത ഗുരുതരമായ തെറ്റാണെന്ന് ബിഷപ്പ് ഐലെറ്റ് ഓർമ്മിപ്പിച്ചു. ദൈവകൽപ്പനകൾക്കും സഭാ പഠനങ്ങൾക്കും വിരുദ്ധമായി ജീവനെടുക്കുന്നതിനെ അനുകൂലിക്കുന്ന ജനപ്രതിനിധികൾ വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്ന് സ്വയം വിട്ടുനിൽക്കണം. സഭയുടെ അടിസ്ഥാന പ്രമാണങ്ങൾ ലംഘിക്കുന്നവർക്ക് വിശുദ്ധ കുർബാന നൽകാൻ വൈദികർക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പിന്തുണയോടെയാണ് ‘അസിസ്റ്റഡ് ഡൈയിംഗ്’ അഥവാ മരണത്തിനുള്ള സജീവ സഹായം ഉറപ്പാക്കുന്ന ബിൽ ഫ്രാൻസ് പാർലമെന്റിൽ അവതരിപ്പിച്ചത്. എന്നാൽ ഇതിനെതിരെ ഫ്രാൻസിലെ കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസും ഇതര മതനേതാക്കളും ശക്തമായ ജനകീയ കാമ്പെയ്‌നുകൾ നടത്തിവരികയാണ്. ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ വേദന അനുഭവിക്കുന്നവർക്ക് നൽകേണ്ടത് മരണമല്ല, മറിച്ച് മികച്ച രീതിയിലുള്ള പാലിയേറ്റീവ് കെയറും മാനുഷികമായ പരിചരണവുമാണെന്ന് സഭ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന മാർപാപ്പയുടെ ഫ്രാൻസ് സന്ദർശനത്തിൽ കത്തോലിക്കാ സഭയുടെ ഈ ജീവന്റെ സംസ്കാരം വീണ്ടും ശക്തമായി പ്രഖ്യാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.