ഇദ്‌ലിബ് പ്രവിശ്യയിലെ ക്രിസ്ത്യൻ ഗ്രാമങ്ങൾ സന്ദർശിച്ച് സിറിയയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ

സിറിയയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലൂയിജി റോബർട്ടോ കോന, ജൂൺ 26 മുതൽ 28 വരെ വടക്കുപടിഞ്ഞാറൻ സിറിയയിലെ യാഖുബിയെ, ക്നായി, ഘസ്സാനി എന്നീ ക്രിസ്ത്യൻ ഗ്രാമങ്ങൾ സന്ദർശിച്ചു. വർഷങ്ങളായുള്ള യുദ്ധവും പലായനങ്ങളും, അതിനുപുറമേ അടുത്തിടെയുണ്ടായ വിനാശകരമായ ഭൂകമ്പവും അനുഭവിച്ച ജനങ്ങളിൽ നിന്ന് ന്യൂൺഷ്യോയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.

തന്റെ സന്ദർശന വേളയിൽ, ആർച്ച് ബിഷപ്പ് കോന, പ്രദേശവാസികളുടെ ഭയവും പ്രതീക്ഷകളും ശ്രവിക്കുകയും, നിലവിലെ അനിശ്ചിതാവസ്ഥകൾക്കിടയിലും ദൈവത്തിൽ വിശ്വാസമർപ്പിക്കാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒരു കാലത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ (ISIS) ശക്തമായ കേന്ദ്രമായിരുന്ന ഇദ്‌ലിബ് പ്രവിശ്യയിലെ കാർഷിക കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമങ്ങൾ, സിറിയയിലെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യൻ സമൂഹങ്ങൾ താമസിച്ചിരുന്ന ഇടമാണ്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള കഷ്ടപ്പാടുകൾക്കിടയിലും വിശ്വാസം കാത്തുസൂക്ഷിക്കുകയും പ്രത്യാശ നിലനിർത്തുകയും ചെയ്തുകൊണ്ട്, പ്രാദേശിക സഭകളെ സേവിക്കുന്നത് തുടരുന്ന ഫ്രാൻസിസ്കൻ സന്യാസിമാരുടെ സാന്നിധ്യമാണ് ഈ സന്ദർശനം സാധ്യമാക്കിയത്. വിദ്യാഭ്യാസ-ആരോഗ്യ പരിപാലന സംരംഭങ്ങൾ ഉൾപ്പെടെ സന്യാസിമാരുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി സൗകര്യങ്ങളും ആർച്ചുബിഷപ്പ് സന്ദർശിച്ചു. യുദ്ധവും ഭൂകമ്പവും ജീവിതത്തെ സാരമായി ബാധിച്ച പ്രദേശവാസികളുടെ സാക്ഷ്യങ്ങളും അദ്ദേഹം കേട്ടു.

പീഡനങ്ങളും അക്രമങ്ങളും നേരിടേണ്ടി വന്നവരും, വീടുകളും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ടവരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചവരിൽ ഉൾപ്പെടുന്നു. അവരുടെ കഥകൾ ഈ സമൂഹങ്ങളുടെ ദുരിതങ്ങളെയും ഒപ്പം തങ്ങളുടെ പൂർവികരുടെ മണ്ണിൽ തന്നെ ഉറച്ചുനിൽക്കാനുള്ള അവരുടെ ദൃഢനിശ്ചയത്തെയും പ്രതിഫലിപ്പിക്കുന്നതായിരുന്നു.

ഗ്രാമങ്ങളുടെ ഭാവി ഉറപ്പാക്കുന്നതിന് ആവശ്യമായ പരിശീലനം, തൊഴിലവസരങ്ങൾ, പിന്തുണ എന്നിവയെക്കുറിച്ച് സംസാരിച്ച യുവാക്കളുടെ ആശങ്കകളും ആർച്ച് ബിഷപ്പ് കോന ശ്രദ്ധിച്ചു. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പരമ്പരാഗത കെട്ടിടങ്ങൾ പുനരുദ്ധരിക്കുന്നതിനെക്കുറിച്ചുള്ള ആശയങ്ങളും ചർച്ചകളിൽ ഉയർന്നു വന്നു.

പ്രാദേശിക നിവാസികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമേ, ആർച്ച് ബിഷപ്പ് കോന നിരവധി ഔദ്യോഗിക പ്രതിനിധികളുമായും ചർച്ചകൾ നടത്തി. ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി അബ്ദുൽ ഖാദർ താഹൻ, ജനറൽ സെക്രട്ടേറിയറ്റ് ഫോർ പൊളിറ്റിക്കൽ അഫയേഴ്സിലെ അഹമ്മദ് ഹാസിനത്, പാർലമെന്റ് അംഗം മുസ്തഫ മൂസ, അൽ-ഷുഗൂർ ഡിസ്ട്രിക്റ്റ് ഡയറക്ടർ അബ്ദുൽ റസാഖ് അല്ലൂഷ്, ദർകുഷിലെ അൽ-റഹ്മ ഹോസ്പിറ്റൽ ഡയറക്ടർ അഹമ്മദ് ഗന്ദൂർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.