മെസ്സിയുടെ വാക്കുകൾ ഓർമിപ്പിച്ച് ആർച്ച്ബിഷപ്പ്; അർജന്റീനയിൽ ഐക്യത്തിന് ആഹ്വാനം

അർജന്റീനയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബ്യൂണസ് ഐറിസ് കത്തീഡ്രലിൽ നടന്ന പ്രാർഥനാ ചടങ്ങിൽ രാജ്യത്ത് ഐക്യത്തിനായി ആഹ്വാനം ചെയ്ത് ആർച്ച്ബിഷപ്പ് ജോർജ് ഇഗ്നാസിയോ ഗാർസിയ ക്യുർവ. പ്രസിഡന്റ് ഹാവിയർ മിലെയ്, മറ്റ് മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് അർജന്റീനിയൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ജനങ്ങളോട് ഐക്യത്തിന് ആഹ്വാനം ചെയ്തത്.

​വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് മുകളിലാണ് ഒത്തൊരുമയെന്ന് ഓർമ്മിപ്പിച്ച ആർച്ച് ബിഷപ്പ്, സഹിഷ്ണുതയില്ലായ്മ, രാഷ്ട്രീയ ചേരിതിരിവ്, അഴിമതി, പാവപ്പെട്ടവരോടുള്ള ക്രൂരത എന്നിവയ്‌ക്കെതിരെ ശക്തമായി സംസാരിച്ചു. ​ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡുമായുള്ള മത്സരത്തിന് അർജന്റീന ടീം തയ്യാറെടുക്കുന്ന പശ്ചാത്തലത്തിൽ 2022 ൽ ലോകകപ്പ് നേടിയ ശേഷം മെസ്സി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വാക്കുകളാണ് അദ്ദേഹം പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്.

​”അർജന്റീനക്കാർ ഒരുമിച്ച് പോരാടിയാൽ എന്തും നേടിയെടുക്കാൻ സാധിക്കുമെന്ന് നമ്മൾ ഒരിക്കൽ കൂടി തെളിയിച്ചു. ഈ നേട്ടം വ്യക്തിഗത മികവിനേക്കാൾ ഉപരിയായി, എല്ലാവരും ഒരുമിച്ച് ഒരേ സ്വപ്നത്തിനായി പോരാടിയതിന്റെ കരുത്താണ്” എന്ന് ആർച്ച്ബിഷപ്പ് ഓർമ്മിപ്പിച്ചു. ​ടീം വർക്കിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അർജന്റീനയിലെ ജനങ്ങളും രാജ്യത്തിന്റെ പുരോഗതിക്കായി ഒന്നിക്കണമെന്നും പരസ്പരം വിഭജിക്കുന്ന മതിലുകൾക്ക് പകരം പാലങ്ങൾ പണിയണമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.