
അമേരിക്കയിൽ ക്രിസ്ത്യൻ ദൈവാലയങ്ങളിലെയും യുവജന കൂട്ടായ്മകളിലെയും അംഗത്വത്തിൽ വലിയ മാറ്റങ്ങൾ ദൃശ്യമാകുന്നതായി പുതിയ പഠന റിപ്പോർട്ട്. മുൻകാലങ്ങളിൽ പെൺകുട്ടികളായിരുന്നു ഇത്തരം കൂട്ടായ്മകളിൽ ഭൂരിഭാഗമെങ്കിൽ, ഇപ്പോൾ ആൺകുട്ടികളുടെ പങ്കാളിത്തം പെൺകുട്ടികളെ മറികടന്നതായി അന്താരാഷ്ട്ര മാധ്യമമായ ‘ദി ക്രിസ്ത്യൻ പോസ്റ്റ്’ പുറത്തുവിട്ട ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
പരമ്പരാഗതമായി സഭാ പ്രവർത്തനങ്ങളിലും പ്രാർഥനാ കൂട്ടായ്മകളിലും സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഉണ്ടായിരുന്ന ആധിപത്യത്തിനാണ് പുതിയ തലമുറയിൽ പ്രകടമായ മാറ്റം ദൃശ്യമാകുന്നത്. ആധുനിക സമൂഹത്തിൽ യുവാക്കൾ നേരിടുന്ന മാനസിക സമ്മർദങ്ങൾ, ലളിതവും വ്യക്തവുമായ മാർഗനിർദേശങ്ങൾക്കായുള്ള തിരച്ചിൽ, കൂട്ടായ്മകളിലൂടെ ലഭിക്കുന്ന സഹോദര്യബന്ധങ്ങൾ എന്നിവയാണ് ആൺകുട്ടികളെ പള്ളികളിലേക്ക് കൂടുതൽ ആകർഷിക്കുന്നത്.
ഡിജിറ്റൽ യുഗത്തിലെ സോഷ്യൽ മീഡിയ സ്വാധീനം, സാമൂഹികമായ മാറ്റങ്ങൾ എന്നിവ കാരണം പെൺകുട്ടികളുടെ പങ്കാളിത്തത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവാക്കളുടെ ഈ സജീവ പങ്കാളിത്തത്തെ സ്വാഗതം ചെയ്യുന്നതിനൊപ്പം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പ്രയോജനകരമായ രീതിയിൽ ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ പദ്ധതികൾ തയ്യാറാക്കുകയാണ് വിവിധ ഇടവകകളിലെ യൂത്ത് ലീഡർമാർ.
ആധുനിക സംസ്കാരത്തിലെ പ്രതിസന്ധികൾക്കിടയിൽ യുവതലമുറയിലെ ആൺകുട്ടികൾ ആത്മീയതയിലേക്കും സഭാ കൂട്ടായ്മകളിലേക്കും തിരിച്ചെത്തുന്നത് ശുഭസൂചനയാണെന്ന് സഭാ നിരീക്ഷകർ വിലയിരുത്തുന്നു.




