ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ വിശപ്പകറ്റുന്ന ദമ്പതികൾ

ചെറിയ ഒരു ജീവകാരുണ്യ പ്രവർത്തനമായി തങ്ങളുടെ ജീവിതത്തെ മാറ്റുന്നതിനുള്ള ശ്രമങ്ങൾക്കിടയിലാണ് ‘എനിക്ക് കഴിക്കാൻ ആവശ്യത്തിന് ഭക്ഷണവും സ്കൂളിൽ പോകാൻ അവസരവും വേണം’ എന്ന കൗമാരക്കാരന്റെ അഭ്യർഥന മാഗ്നസ് മക്ഫാർലെയ്ൻ-ബാരോയുടെയും ഭാര്യ ജൂലിയുടെയും കാതുകളിൽ പതിച്ചത്. ആ ചോദ്യം ദൈവം തങ്ങളെ ഏൽപ്പിച്ച വലിയ പദ്ധതിയെ കുറിച്ച് ചിന്തിക്കാൻ അവരെ പ്രേരിപ്പിച്ചു. ആ ചിന്തയാണ് ‘മേരീസ് മീൽസ്’ എന്ന വലിയ ഒരു ജീവകാരുണ്യ പ്രവർത്തന ശൃഖല തുടങ്ങാൻ മാഗ്നസിനെയും ജൂലിയെയും പ്രേരിപ്പിച്ചത്. ഇന്ന് ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് സ്കൂൾ കുട്ടികൾക്ക് ദിവസവും ഒരു നേരം പോഷകാഹാരം എത്തിച്ചു നൽകുന്ന ജീവകാരുണ്യ പ്രസ്ഥാനമായി വളർന്നു പന്തലിച്ചിരിക്കുകയാണ് ‘മേരീസ് മീൽസ്’.

ലളിതമായ കാഴ്ചപ്പാട്, വലിയ മാറ്റങ്ങൾ

1990-കളിൽ ബോസ്നിയൻ യുദ്ധകാലത്ത് ദുരിതബാധിതർക്ക് ആശ്വാസസാമഗ്രികൾ എത്തിച്ചു നൽകിക്കൊണ്ടാണ് മാഗ്നസും കുടുംബവും ജീവകാരുണ്യ രംഗത്തേക്ക് കടന്നുവരുന്നത്. ചെറിയ ചെറിയ പ്രവർത്തനങ്ങളിലൂടെ തങ്ങളുടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപൊയ്‌ക്കൊണ്ടിരുന്ന ഈ ദമ്പതികളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവ് ഉണ്ടായത് 2002-ൽ മലാവി സന്ദർശനത്തിനിടെ എച്ച്.ഐ.വി ബാധിച്ച് മരണാസന്നയായ ഒരമ്മയോട് സംസാരിക്കുമ്പോഴാണ്. അവരുടെ 14 വയസ്സുകാരനായ മകൻ എഡ്വേർഡ് തന്റെ സ്വപ്നം പങ്കുവച്ചത്: “എനിക്ക് കഴിക്കാൻ ആവശ്യത്തിന് ഭക്ഷണവും സ്കൂളിൽ പോകാൻ അവസരവും വേണം എന്ന അഭ്യർഥനയിൽ നിന്നാണ് ‘മേരീസ് മീൽസ്’ എന്ന പ്രസ്ഥാനം രൂപം കൊള്ളുന്നത്.

ദരിദ്രരായ കുട്ടികൾക്ക് സ്കൂളുകളിൽ വച്ച് തന്നെ പോഷകാഹാരം നൽകിയാൽ അവർ തെരുവിൽ അലയാതെ പഠിക്കാൻ എത്തും എന്ന ലളിതമായ തത്വമായിരുന്നു ഈ പ്രസ്ഥാനം ആരംഭിക്കുന്നതിനു അടിസ്ഥാനമായത്. പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയിൽ നിന്നാണ് ഈ സംരംഭത്തിന് ‘മേരീസ് മീൽസ്’ എന്ന് പേരിട്ടത്. സ്വന്തം കുടുംബബന്ധങ്ങളും ദാമ്പത്യത്തിലെ ഐക്യവും നൽകുന്ന ശക്തിയാണ് ലോകമെമ്പാടുമുള്ള ദരിദ്ര കുട്ടികളെ സ്വന്തം മക്കളെപ്പോലെ കാണാൻ തങ്ങളെ പ്രാപ്തരാക്കുന്നതെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു.

ഇന്ന് 2.4 ദശലക്ഷത്തിലധികം (24 ലക്ഷം) കുട്ടികൾക്ക് ദിവസേന സ്കൂളുകളിൽ വച്ച് ഉച്ചഭക്ഷണം നൽകാൻ ഈ ജീവകാരുണ്യ പ്രസ്ഥാനത്തിന് സാധിക്കുന്നുണ്ട്. വലിയ സാമ്പത്തിക സ്രോതസ്സുകളേക്കാൾ പ്രാദേശിക സമൂഹത്തെയും സന്നദ്ധപ്രവർത്തകരെയും അണിനിരത്തിയാണ് ഇവർ ഈ ദൗത്യം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.