ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സഭയുടെ പ്രവാചകനായിരുന്നു: ഫ്രാൻസിസ് പാപ്പാ

ബെനഡിക്ട് പതിനാറാമൻ പാപ്പായെ സഭയുടെ പ്രവാചകന്‍ എന്നു വിശേഷിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ മൂന്നിന് മാൾട്ടയിലെ ജെസ്യൂട്ട് വൈദികരുമായി നടന്ന സ്വകാര്യ സദസ്സിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഭാവിയിൽ കത്തോലിക്കാ സഭ ചെറുതും എന്നാൽ കൂടുതൽ വിശ്വസ്തമായ ഒരു സ്ഥാപനമായി മാറുമെന്ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നേരത്തെ പ്രസ്താവിച്ചിരുന്നു. കത്തോലിക്കാ സഭ ചെറുതായിത്തീരുകയും നിരവധി പദവികൾ നഷ്‌ടപ്പെടുകയും എന്നാൽ കൂടുതൽ എളിമയും ആധികാരികതയും ആർജ്ജിക്കുകയും ചെയ്യും. അത് കൂടുതൽ ആത്മീയവും ദരിദ്രവുമായ ഒരു സഭയായിരിക്കും” – ഫ്രാൻസിസ് പാപ്പാ പറഞ്ഞു. 1969 -ൽ ജർമ്മനിയിൽ നടന്ന റേഡിയോ പരിപാടിയിലാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഇത്തരം പരാമർശങ്ങൾ നടത്തിയത്.

ജെസ്യൂട്ട് വൈദികർ നടത്തുന്ന ജേർണലായ ലാ സിവിൽറ്റ കാറ്റോലിക്കയിൽ ഏപ്രിൽ 14 -ന് ബെനഡിക്ട് പതിനാറാമൻ പാപ്പായെ കുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ അഭിപ്രായങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ബെനഡിക്ട് പതിനാറാമൻ പാപ്പാ തന്റെ 95 -ാം ജന്മദിനം ആഘോഷിക്കുന്നതിന് രണ്ട് ദിവസം മാത്രം അവശേഷിക്കേയാണ് ജേർണലിൽ അദ്ദേഹത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.