ഇറ്റലിയിൽ നാല് അപൂർവ ചിത്രങ്ങൾ മോഷണം പോയി

ഇറ്റലിയിലെ സിസിലിയിലുള്ള പ്രശസ്തമായ മ്യൂസിയത്തിൽ നിന്ന് വിലമതിക്കാനാവാത്ത നാല് അപൂർവ ചിത്രങ്ങൾ മോഷണം പോയി. 15-ാം നൂറ്റാണ്ടിലെ പ്രമുഖ ചിത്രകാരൻ അന്റോണെല്ലോ ദ മെസീന വരച്ച ചരിത്രപ്രസിദ്ധമായ ചിത്രങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. മ്യൂസിയത്തിലെ മുന്നറിയിപ്പ് ബെല്ലുകൾ പോലും മുഴങ്ങാതെ ചിത്രങ്ങൾ മോഷ്ടിച്ചതിനു പിന്നിൽ വൻ സംഘമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

പ്രത്യേക സുരക്ഷാകൂട്ടിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ് മോഷ്ടാക്കൾ വിദഗ്ദ്‌ഗമായി പുറത്തെടുത്തത്. തടിപ്പലകകളിൽ വരച്ച ചിത്രങ്ങളായതിനാൽ ഇവ എളുപ്പത്തിൽ ചുരുട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. കലാലോകത്തിനും നഗരത്തിനും നികത്താനാവാത്ത വലിയൊരു നഷ്ടമാണ് ഈ മോഷണമെന്ന് മ്യൂസിയം ഡയറക്ടർ പറഞ്ഞു.

കരിഞ്ചന്ത ലക്ഷ്യമിട്ടാണ് ഈ കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം. സമീപകാലത്തായി യൂറോപ്പിലെ മ്യൂസിയങ്ങളിൽ സമാനമായ രീതിയിൽ അപൂർവ വസ്തുക്കളുടെ കവർച്ചകൾ വർധിച്ചുവരുന്നുണ്ട്. ചരിത്രസ്മാരകത്തിനു നേരെയുണ്ടായ ഈ വൻ മോഷണത്തിനു പിന്നിലുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.