
ജൂണ്‍ മാസം ഈശോയുടെ തിരുഹൃദയ ഭക്തിയ്ക്കായി സമര്‍പ്പിച്ചിരിക്കുന്നുവെങ്കില്‍ ആഗസ്റ്റ് മാസം മാതാവിന്റെ വിമലഹൃദയ വണക്കത്തിനായാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ആഗസ്റ്റ് 15-നാണ് മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആചരിക്കുന്നതെന്ന കാരണത്തിനുപുറമേ വേറെയും കാരണങ്ങളുണ്ട് ഈ ആചരണത്തിനു പിന്നില്‍. അവ എന്താണെന്ന് അറിയാം.
രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് ലോകം മുഴുവന്‍ വലിയ പ്രതിസന്ധികളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന സമയത്ത്, പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ, ഫാത്തിമാ മാതാവിന്റെ നിര്‍ദേശപ്രകാരം പ്രത്യേക പ്രാര്‍ഥനകള്‍ ലോകത്തോട് ആവശ്യപ്പെടുകയും 1942 ഒക്ടോബര്‍ 31-ാം തീയതി ലോകത്തെ മുഴുവന്‍ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
യുദ്ധക്കെടുതികള്‍ അവസാനിക്കാതെവന്നതോടെ 1944 മെയ് 4-ാം തീയതി, ആഗസ്റ്റ് 22-ന് മാതാവിന്റെ വിമലഹൃദയ തിരുനാളായി പ്രഖ്യാപിക്കുകയുണ്ടായി. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഐക്യം, സഭയുടെ സ്വാതന്ത്ര്യം, പാപികളുടെ മാനസാന്തരം, ഐക്യം, സ്‌നേഹം എന്നിവയുടെ വളര്‍ച്ച എന്നിവയെല്ലാം ലക്ഷ്യംവച്ചും അഭ്യർഥിച്ചുമാണ് പാപ്പ ഇപ്രകാരം ചെയ്തത്.
ലിയോ നാലാമൻ പാപ്പായാണ് മാതാവിന്റെ സ്വർഗ്ഗാരോപിത തിരുനാള്‍ ആഗസ്റ്റ് 15-നും ആഗസ്റ്റ് 22-ന് സ്വര്‍ഗരാജ്ഞി തിരുനാളായും ആചരിക്കാന്‍ തീരുമാനിച്ചത്. ലോകത്തില്‍ യുദ്ധം അവസാനിക്കാനായി പ്രാര്‍ഥിക്കണമെന്നുള്ള പ്രത്യേക അഭ്യര്‍ഥനയാണ് പരിശുദ്ധ ദൈവമാതാവ് ഫാത്തിമായില്‍ നടത്തിയത്.




